നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ശിവകുമാറിന്റെ അഭ്യർത്ഥന നിരസിച്ച ഇഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
സെപ്തംബർ 19ന് ഡൽഹിയിലെ ഇഡി ഓഫീസിൽ വെച്ച് ഡികെ ശിവകുമാറിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിലും രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ട്രസ്റ്റായ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് തന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 സെപ്റ്റംബർ 3 ന് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വർഷം ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഈ വർഷം മേയിൽ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.