ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

0
92

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് കോടി വിലമതിക്കുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്താവളം വഴി വൻ തോതിൽ സ്വർണം കടത്താൻ ഇടയുണ്ടെന്ന എയർ ഇന്റലിജൻസ് യൂണിറ്റ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ബുധൻ, വ്യാഴം ദിവസങ്ങളിലായി 4 കോടി രൂപ വിലമതിക്കുന്ന 7.695 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യ സംഭവത്തിൽ ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 4.895 കിലോഗ്രാം ഭാരമുള്ള 2,57,47,700 രൂപ വില വരുന്ന സ്വർണം പിടികൂടി. സിൽവർ നിറം പൂശി എയർ കംപ്രസർ/ടയർ ഇൻഫ്ലേറ്ററിനുള്ളിൽ കടത്താൻ ശ്രമിച്ച നിലയിലായിരുന്നു സ്വർണം.

രണ്ടാമത്തെ സംഭവത്തിൽ മറ്റൊരു യാത്രക്കാരനിൽ നിന്നും 24 കെ പ്യൂരിറ്റിയുടെ 12 സ്വർണക്കട്ടികൾ കണ്ടെത്തി. ഇയാളുടെ പക്കൽ നിന്ന് 1,400 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. മൂന്നാമത്തെ കേസിൽ മറ്റൊരാളിൽ നിന്ന് 12 സ്വർണക്കട്ടികൾ കണ്ടെത്തിയതായും പറഞ്ഞു. 1400 ഗ്രാം ഭാരമുള്ള സ്വർണമാണ് പിടികൂടിയത്.