Tuesday
23 December 2025
22.8 C
Kerala
HomeKeralaടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്

ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു . അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാഹനങ്ങളില്‍ വേഗതാപരിശോധന കര്‍ശനമാക്കുമെന്നും വിനോദയാത്രയ്ക്കുമുന്‍പ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ ഗതാഗത വകുപ്പിന് കൈമാറണമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.

എംവിഡിയുടെ പരിശോധനാ സമയത്ത് പെട്ടെന്ന് അഴിച്ചുമാറ്റാവുന്ന തരത്തിലാണ് പല ബസുകളിലും ഇപ്പോള്‍ എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ഘടിപ്പിക്കുന്നത്. പരിശോധനാ സമയത്ത് അഴിച്ചുമാറ്റിയശേഷം പിന്നീട് വീണ്ടും ഇവ ഘടിപ്പിച്ചാണ് പല ബസുകളും ഓടുന്നത്. ഇതിനുപുറമേ ബസുകളില്‍ വേഗപരിധി മറികടക്കാന്‍ കൃത്രിമത്വം കാണിക്കുന്നത് കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ പറഞ്ഞു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments