യുക്രൈൻ പ്രതിസന്ധി പരി​ഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി

0
84

യുക്രൈൻ പ്രതിസന്ധി പരി​ഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. സപോറിഷ്യ ന്യൂക്ലിയർ പ്ലാന്റിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യ റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂക്ലിയർ പ്ലാന്റിനടുത്ത പ്രദേശത്തെ യുക്രൈൻ- റഷ്യ ഏറ്റമുട്ടൽ നടന്നപ്പോഴായിരുന്നു ഇന്ത്യയുടെ ഇടപെടൽ.

ന്യൂസിലൻഡ് സന്ദർശനത്തിനിടെയാണ് ജയശങ്കറിന്റെ പ്രസ്താവന. യുക്രൈന്റെ കാര്യം വരുമ്പോൾ വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത അഭിപ്രായമായിരിക്കും. അത് സ്വാഭാവികമാണ്. ജനങ്ങൾ അവരവരുടെ കാഴ്ച്ചപ്പാടിലാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. അവരുടെ താല്പര്യങ്ങൾ, ചരിത്രപരമായ അനുഭവപരിചയം, അരക്ഷിതാവസ്ഥ എല്ലാം ഇതിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം, മറ്റ് രാജ്യങ്ങളുടെ നിലപാടിനെ ഞാൻ നിന്ദിക്കില്ല. ലോകത്തിന്റെ വൈവിധ്യങ്ങൾ തികച്ചും വ്യക്തമായ വ്യത്യസ്ത പ്രതികരണത്തിലേക്ക് നയിക്കുന്നത് സ്വാഭാവികമാണ്. കാരണം അവയിൽ പലതും യുക്രൈനിൽ അവർ നേരിടുന്ന ഭീഷണിയിൽ നിന്നും ഉത്കണ്ഠയിൽ നിന്നും വരുന്നതായി എനിക്ക് കാണാൻ കഴിയും.” ജയശങ്കർ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ഇന്ത്യക്ക് എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കും. അത് ഇന്ത്യയുടെ താല്പര്യമനുസരിച്ചായിരിക്കും, പക്ഷേ അത് ലോകത്തിന്റെ കൂടി താല്പര്യം പോലെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സപ്പോറിഷ്യ ആണവ നിലയത്തിനടുത്ത് പോരാട്ടം നടന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. അപ്പോഴാണ് റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ആവശ്യങ്ങളുയർന്നത്. വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടു. ചെയ്യാനാവുന്നതെല്ലാം ഇന്ത്യ ചെയ്യണമെന്ന് അന്ന് തോന്നിയെന്നും ജയശങ്കർ പറഞ്ഞു. നമ്മൾ ഒരു നിലപാട് ഏറ്റെടുക്കുകയും കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുകയും ചെയ്താൽ, രാജ്യങ്ങൾ അത് അവഗണിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ പ്രധാനമന്ത്രിയും (നരേന്ദ്ര മോദി) റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിലപാട് ദൃശ്യമായിരുന്നു,” അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16-ന് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) ഭാഗമായി അസ്താനയിൽ ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ച സൂചിപ്പിച്ച് എസ് ജയശങ്കർ പറഞ്ഞു.