വിഗ്രഹ നിമജ്ജനത്തിനിടെ ജൽപായ്ഗുരിയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ മരിച്ചു

0
99

പശ്ചിമബം​ഗാളിൽ ദസറ ആഘോഷങ്ങളുടെ ഭാ​ഗമായുള്ള വിഗ്രഹ നിമജ്ജനത്തിനിടെ ജൽപായ്ഗുരിയിലെ മൽബസാർ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വെള്ളപ്പൊക്കത്തിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ കാണാതായി. ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചതായും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

നിരവധി പേർ നദിയിൽ കുടുങ്ങിയിട്ടുണ്ടെന്നും നിരവധി പേർ ഒലിച്ചുപോയതായും ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ജൽപായ്ഗുരി എസ്പി ദേബർഷി ദത്ത പറഞ്ഞു. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. ഭൂട്ടാൻ ഭാഗത്തെ വെള്ളപ്പൊക്കത്തെ തുടർന്നാണ് മാൽ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നത്. ജൽപായ്ഗുരിയിലെ മൽബസാറിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രാഥമിക വിവരം അനുസരിച്ച്, വിഗ്രഹ നിമജ്ജനത്തിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിലെ ഏഴ് പേരെങ്കിലും നദിയിലെ വെള്ളപ്പൊക്കത്തിൽ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

വിജയ ദശമി ആഘോഷത്തിനും തുടർന്നുള്ള വിഗ്രഹ നിമജ്ജനത്തിനും മാൽ നദിക്കരയിൽ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. ഇതുവരെ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.