യുഎഇയില്‍ പുതിയ വിസാ ചട്ടം ; തൊഴിലന്വേഷകർക്ക് സ്‌പോൺസറുടെ 
ആവശ്യമില്ലാത്ത പ്രത്യേക വിസ

0
191

തൊഴിലന്വേഷകർക്കായി സ്‌പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസ അനുവദിച്ച്‌ യുഎഇ. വൻമാറ്റങ്ങളുമായി പുതിയ വിസാ ചട്ടം നിലവിൽവന്നു. മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പട്ടികയനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്‌കിൽ തലങ്ങളിൽ വരുന്ന ജോലികൾക്കായാണ് വിസ അനുവദിക്കുക. മികച്ച 500 സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും വിസ ലഭിക്കും.  റസിഡന്റ്‌സി വിസാ കാലാവധി കഴിഞ്ഞാൽ രാജ്യം വിടാനോ മറ്റൊരു വിസ ലഭിക്കാനോ 30 ദിവസത്തെ ഗ്രേസ് പീരീഡാണ് ലഭിച്ചിരുന്നത്. പുതിയ ചട്ടമനുസരിച്ച്‌ വിസാ കാലാവധി കഴിഞ്ഞാൽ രാജ്യം വിടാൻ ആറു മാസം ലഭിക്കും.

തൊഴിലുടമയോ സ്‌പോൺസറോ ആവശ്യമില്ലാത്ത അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻ റസിഡന്റ് വിസയുമുണ്ട്‌. പ്രവാസികൾക്ക് ആൺമക്കളെ 25 വയസ്സുവരെ സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിപ്പിക്കാം. സന്ദർശക വിസാ കാലാവധി 30 ദിവസത്തിൽനിന്ന് 60 ദിവസമാക്കി വർധിപ്പിച്ചിരുന്നു. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്‌പോൺസർ ആവശ്യമില്ല.