ലഹരിക്കെതിരെയുള്ള നവകേരള ക്യാമ്പയിന് ഇന്ന് തുടക്കം

0
84

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിന്‍ ആണ് തുടക്കം കുറിക്കുന്നത്. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളാണ്, സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന്, ആറാം തീയതിയിലേക്ക് മാറ്റിയത്.