വടക്കഞ്ചേരിയില്‍ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ മന്ത്രി എം ബി രാജേഷ് മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ചു

0
149

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ മന്ത്രി എം ബി രാജേഷ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാല് പേരുടെ ഗുരുതരനില ഗുരുതരമാണെന്നാണ് മനസിലാക്കുന്നതെന്ന് എം ബി രാജേഷ് പറഞ്ഞു. സാരമല്ലാത്ത പരുക്കുകള്‍ സംഭവിച്ച കുട്ടികളോട് മന്ത്രി അപകടത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

38 കുട്ടികളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. നാല് കുട്ടികളുടെ നില ഗുരുതരമാണെങ്കിലും അവര്‍ക്ക് മികച്ച പരിചരണം നല്‍കി വരുന്നുണ്ടെന്നും അവര്‍ ചികിത്സയോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

9 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതില്‍ ചിലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും പേരുവിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ പേരുവിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊല്ലം വളിയോട് ശാന്ത്മന്ദിരം സ്വദേശി അനൂപ് (24) , അധ്യാപകനായ വിഷ്ണു, രോഹിത് രാജ് (24 ) എന്നിവരാണ് മരിച്ചത്. ബസുകള്‍ പൊളിച്ചുള്‍പ്പെടെയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.