വടക്കഞ്ചേരി വാഹനാപകടത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

0
58

വടക്കഞ്ചേരി വാഹനാപകടത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

എറണാകുളം മുളന്തുരുത്തി മാർ ബസേലിയോസ് വിദ്യാനികേതനിൽ നിന്ന് ഊട്ടിയിലേക്ക് വിനോദ യാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ്സ് കൊട്ടരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു KSRTC ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആർടിയിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.