മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്

0
193

വൈക്കം ടി വി പുരം മറ്റപ്പള്ളിയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച  വകുന്നേരം എട്ട് മണിയോടെ ടിവി പുരം മറ്റപ്പള്ളി കോളനിക്ക് സമീപമാണ് സംഭവം. ഡിവൈഎഫ്ഐ മറ്റപ്പള്ളി യൂണിറ്റ് സെക്രട്ടറി ടി അബിൻ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ബിനിൽ ബിജു, പി അഭിഷേക് എന്നിവരെയാണ് സംഘം മാരകമായി ആക്രമിച്ചത്. ഇവരെ ഗുരുതര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തു കഞ്ചാവ് മയക്കുമരുന്ന് വില്പന നടത്തി വരുന്ന അരുൺ (ചന്തക്കവല), ഹരികൃഷ്ണൻ (അച്ചു) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിൽ. ഡിവൈഎഫ്ഐയുടെ ലഹരിക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തകർ ആഴ്ചകളായി പ്രദേശത്തു മയക്കുമരുന്ന് മാഫിയകളെ ഒറ്റപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം ഇവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊച്ചു കുട്ടികൾക്ക് പോലും ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ടിവി പുരം സൗത്ത് മേഖല  പ്രസിഡന്റ്‌ പി ജെ വിനീഷ് സെക്രട്ടറി കെ എം കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു.