Sunday
11 January 2026
26.8 C
Kerala
HomeKeralaമൂന്നാറില്‍ കെണിയിലകപ്പെട്ട കടുവയുടെ ഇടതുകണ്ണിന്‌ തിമിരബാധ ; കാട്ടിലേക്ക്‌ തുറന്നു വിടാവുന്ന ആരോഗ്യസ്ഥിതിയിലില്ലെന്ന്‌ വനംവകുപ്പ്‌

മൂന്നാറില്‍ കെണിയിലകപ്പെട്ട കടുവയുടെ ഇടതുകണ്ണിന്‌ തിമിരബാധ ; കാട്ടിലേക്ക്‌ തുറന്നു വിടാവുന്ന ആരോഗ്യസ്ഥിതിയിലില്ലെന്ന്‌ വനംവകുപ്പ്‌

മൂന്നാറില്‍ കെണിയിലകപ്പെട്ട കടുവയെ കാട്ടിലേക്ക്‌ തുറന്നു വിടാവുന്ന ആരോഗ്യസ്ഥിതിയിലില്ലെന്ന്‌ വനംവകുപ്പ്‌. കടുവയുടെ ഇടതുകണ്ണിന്‌ തിമിരബാധ മൂലം കാഴ്‌ചക്കുറവുണ്ട്‌. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംരക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റുന്നതില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നാളുകളായി നാടിനെ ഭീതിയിലാക്കിയ കടുവ ഇന്നലെ രാത്രിയാണ്‌ വനംവകുപ്പ്‌ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്‌. ആക്രമണത്തില്‍ കൊല്ലപ്പെട്ടതും പരുക്കേറ്റുതുമായ പശുക്കളുടെ വിശദപരിശോധനകള്‍ക്ക്‌ ശേഷമാണ്‌ കെണിയിലകപ്പെട്ട കടുവ തന്നെയാണ്‌ ഇവയെ ആക്രമിച്ചതെന്ന സ്ഥിരീകരണം.

പുലര്‍ച്ചെ മൂന്നാറിലെ വനംവകുപ്പ്‌ ഓഫീസ്‌ പരിസരത്തേക്ക്‌ മാറ്റിയ കടുവയെ വെറ്റിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ള സംഘമാണ്‌ പരിശോധിച്ചത്‌. ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘത്തിന്റെ പരിശോധനയില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍ കടുവയുടെ ഇടതുകണ്ണിന്‌ തിമിരബാധയുണ്ടെന്ന്‌ കണ്ടെത്തി.

സ്വാഭാവിക ഇരതേടല്‍ അസാധ്യമായതിനാല്‍ കടുവയെ വനത്തിനുള്ളില്‍ തുറന്നു വിടുന്നത്‌ ഉചിതമല്ലെന്ന്‌ ഇവര്‍ അറിയിച്ചു. കാഴ്‌ചക്കുറവുള്ളതിനാല്‍ ഇരതേടാന്‍ കഴിയാത്തത്‌ മൂലമാണ്‌ കടുവ ജനവാസമേഖലയിലിറങ്ങി നിരന്തരം ആക്രമണം നടത്തിയിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കടുവയെ പുനരധിവാസകേന്ദ്രത്തിലേക്ക്‌ മാറ്റണമെന്ന അഭിപ്രായത്തിനാണ്‌ മുന്‍ഗണന. മൂന്നു ദിവസത്തിനിടെ 13 പശുക്കളെ ആക്രമിച്ച കടുവ ഇതില്‍ 10 പശുക്കളെ കൊലപ്പെടുത്തിയിരുന്നു. മൂന്നു മാസത്തിനിടെ 85 ഓളം വളര്‍ത്തുമൃഗങ്ങളെ നഷ്ടമായതോടെ വലിയ ഭീതിയിലായിരുന്നു പ്രദേശവാസികള്‍.

തേക്കടിയില്‍ നിന്നുള്ള വിദഗ്‌ദസംഘം ഉള്‍പ്പെടെ 40 അംഗ ദൗത്യസേനയാണ്‌ കടുവയെ പിടിക്കുന്നതിനുള്ള ഉദ്യമം ഏറ്റെടുത്തത്‌. വിവിധ മേഖലകളിലായി മൂന്നു കൂടുകള്‍ സ്ഥാപിച്ച്‌ കെണിയൊരുക്കി. ഇതില്‍ നേമക്കാട്‌ ഭാഗത്ത്‌ സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ രാത്രി എട്ട്‌ മണിയോടെയാണ്‌ കടുവ അകപ്പെട്ടത്‌. നേമക്കാട്‌ ലാക്കാട്‌ മേഖലകളില്‍ കടുവാഭീതി പൂര്‍ണമായും ഒഴിവായെന്നാണ്‌ വനംവകുപ്പിന്റെ ഉറപ്പ്‌. എന്നാല്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്‌ കുറച്ച്‌ ദിവസം കൂടി ഈ ഭാഗത്ത്‌ നിരീക്ഷണം തുടരും.

RELATED ARTICLES

Most Popular

Recent Comments