വാഹനത്തിന്റെ വലിപ്പവും, സഞ്ചരിക്കുന്ന ദൂരവും ഇനി ടോൾ നിശ്ചയിക്കും

0
59

രാജ്യത്തെ ഗതാഗത മേഖല അനുദിനം മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ടോളും, ടോൾ പ്ലാസകളും നിത്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ചരക്കു സേവനങ്ങളുടെ വിലയിൽ വരെ ടോളിന് സ്വാധീനം ഉണ്ടെന്നതാണ് സത്യം. അടുത്തിടെ ടോൾ സമ്പ്രദായത്തിൽ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നായിരുന്നു ഫാസ്ടാഗുകൾ. ഇതോടെ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവായി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനം ടോൾ പ്ലാസകൾ വഴി കടന്നുപോകുമ്പോൾ വാഹനങ്ങളിലെ ആർഎഫ് ഐടി ടാഗുകൾ സ്‌കാൻ ചെയ്ത് ഉപയോക്തവിന്റെ അക്കൗണ്ടിൽനിന്ന തുക കുറയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

എന്നാൽ ചെറിയ യാത്രകൾക്കും, വലിയ യാത്രകൾക്കും ഉപയോക്താക്കളിൽ നിന്ന് ഒരേ നിരക്കിൽ ടോൾ ഈടാക്കുന്നുവെന്ന ആക്ഷേപം വർഷങ്ങളായി ടോളുകൾക്കുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് സർക്കാർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇനിമുതൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ഉപയോക്താക്കൾ ടോൾ നൽകിയാൽ മതി. കൂടാതെ വാഹനത്തിന്റെ വലിപ്പവും ടോൾ നിശ്ചയിക്കുന്ന ഘടകമായേക്കും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാകും പുതിയ സംവിധാനം പ്രവർത്തിക്കുക.

ടോൾ സമ്പ്രദായത്തിൽ നിലനിൽക്കുന്ന ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങൾക്കും ജിപിഎസ് സംവിധാനം പരിഹാരമാകുമെന്നാണു വിലയിരുത്തൽ. പുതിയ സംവിധാനത്തെ വൈദ്യുതി ഉപയോഗത്തോടാണു വിദഗ്ധർ ഉപമിക്കുന്നത്. നിങ്ങൾ എത്ര ഉപയോഗിക്കുന്നോ, അത്രമാത്രം പണം നൽകുക. വിവിധ വാഹനങ്ങൾ റോഡിൽ ചെലുത്തുന്ന സമ്മർദം വ്യത്യസ്തമാണ്. റോഡിന്റെ ആയുസിനെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഈ സമ്മർദം. അതിനാലാണ് വാഹനത്തിന്റെ വലിപ്പം ടോൾ നിർണയത്തിൽ പ്രധാനമാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നു വിഷയവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

സഞ്ചരിക്കുന്ന ദൂരം, സമയം തുടങ്ങിയവയാകും ടോൾ നിർണയത്തിലെ മറ്റു നിർണായക ഘടകങ്ങൾ. വാഹനത്തിന്റെ ആക്സിലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ടോളിംഗ് നയം പ്രധാനമായും പ്രവർത്തിക്കുന്നത്. അതേസമയം പുതിയ നയത്തിൽ ഇതോടൊപ്പം വലിപ്പവും, ഭാരവും, സഞ്ചരിക്കുന്ന ദൂരവുമെല്ലാം ഭാഗമാകും. 60 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ കളക്ഷൻ പോയിന്റുകളിൽ ഉപയോക്താക്കളിൽ നിന്നു വീണ്ടും നികുതി ഈടാക്കില്ലെന്ന് ഈ വർഷം മാർച്ചിൽ റോഡ്- ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം ഇതുവരെ നടപ്പാകാത്ത സാഹചര്യത്തിൽ ഓഗസ്റ്റിലെ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചിരുന്നു.