ഭൂമിയിൽ അഞ്ചു സമുദ്രങ്ങൾ (ocean) ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. അറ്റ്‌ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, ദക്ഷിണ, പസഫിക് സമുദ്രം എന്നിവയാണ് ആ അഞ്ച് സമുദ്രങ്ങൾ. എന്നാൽ ഭൂമിയുടെ ഉപരിതലത്തിനകത്ത് മുകളിലും താഴെയുമുള്ള ആവരണങ്ങൾക്കിടയിലായി ആറാമത്തെ സമുദ്രം (ocean) ഉണ്ടെന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. അടുത്തിടെ ഖനനം ചെയ്ത ഒരു വജ്രം (diamond) പരിശോധിച്ചതിലൂടെയാണ് ആറാമത് ഒരു സമുദ്രമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഈ വജ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 കിലോമീറ്റർ താഴെയാണ് രൂപപ്പെട്ടത്. വജ്രം പരിശോധിച്ചതിലൂടെ സമുദ്രജലം സബ്ഡക്റ്റിംഗ് സ്ലാബുകൾക്കൊപ്പമുണ്ടാവുകയും അത് സംക്രമണ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഇതിന് പുറമെ ഭൂമിയുടെ ഉൾഭാഗങ്ങളിൽ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബോട്‌സ്വാനയിൽ നിന്നാണ് വജ്രം കണ്ടെത്തിയത്.
ജർമ്മനി, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞർ വജ്രം കൂടുതൽ വിശകലനം ചെയ്തിരുന്നു. വജ്രം ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് 660 കിലോമീറ്റർ താഴെയുള്ള സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് രൂപപ്പെട്ടതായിട്ടാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
രാമൻ സ്‌പെക്‌ട്രോസ്‌കോപ്പിയും എഫ്ടിഐആർ സ്‌പെക്‌ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതി വിദ്യകൾ ഉപയോഗിച്ച് വജ്രത്തെ കൂടുതൽ വിശകലനം ചെയ്തതിലൂടെ വജ്രത്തിൽ റിങ്‌വുഡൈറ്റ് എന്ന അപൂർവ ധാതുവിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. ഉയർന്ന ജലാംശമുള്ള പ്രദേശങ്ങളിൽ മാത്രമാണ് റിങ്‌വുഡൈറ്റ് കാണപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ജർമ്മൻ-ഇറ്റാലിയൻ-അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തെക്കുറിച്ച് നേച്ചർ ജേണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങളെ വേർതിരിക്കുന്ന ഒരു പാളിയായ ട്രാൻസിഷൻ സോണിൽ (TZ) വെള്ളം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ഉപരിതലത്തിൽ നിന്ന് 410 മുതൽ 660 കിലോമീറ്റർ വരെ താഴെയാണ് ട്രാൻസിഷൻ സോൺ സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇന്ന് സമുദ്രങ്ങൾ ജലമലിനീകരണത്താലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വലിയ ഭീഷണിയാണ് നേരിടുന്നത്. ഭൂമിയുടെ 70 ശതമാനവും വ്യാപിച്ച് കിടക്കുന്നത് സമുദ്രങ്ങളാണ്. അതു കൊണ്ടു തന്നെ ഭൂമിയുടെ പ്രധാന ഘടകങ്ങളിലൊന്നായി സമുദ്രങ്ങളെ കണക്കാക്കുന്നത്. അതിനാൽ സമുദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
സമുദ്രങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നത്. ‘പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം’ എന്ന പ്രമേയത്തിലാണ് ഈ വർഷം ലോക സമുദ്ര ദിനം ആചരിച്ചത്. ‘സമുദ്രം: ജീവനും ഉപജീവനവും’ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ സമുദ്ര ദിന പ്രമേയം.
സമുദ്രജലം കുടിക്കാൻ യോഗ്യമല്ലെങ്കിലും, ഇത് ഇപ്പോഴും അമൂല്യമായ പ്രകൃതിവിഭവമാണ്. മനുഷ്യരുടെ അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. ഗ്രഹത്തിലെ ഓക്സിജന്റെ ഏതാണ്ട് 50% ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. അതിനാൽ, ഈ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.