മാലിന്യ സംസ്കരണത്തിൽ നിന്നും 5 കോടിനേടി ക്ലീൻ കേരള കമ്ബനി ലിമിറ്റഡ്

0
71

മാലിന്യം ക്രിയാത്മകമായ രീതിയിൽ പുനരുപയോഗിക്കുന്നതിനെക്കുറിച്ചും അതിൽ നിന്നും വരുമാനം നേടുന്നതിനെക്കുറിച്ചും മനസിലാക്കിത്തന്ന അനുകരണീയമായ പല മാതൃകകളും നമുക്കു ചുറ്റുമുണ്ട് . അത്തരത്തിൽ ഒന്നാണ് കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്ബനി ലിമിറ്റഡ് (Clean Kerala Company Ltd (CKCL)).

സംസ്ഥാന സർക്കാരിന്റെയും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമാണ് ക്ലീൻ കേരള കമ്ബനി ലിമിറ്റഡ്. ഉണങ്ങിയ മാലിന്യം സംസ്‌കരിക്കുന്നതിലും വിൽക്കുന്നതിലുമാണ് കമ്ബനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2021 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 20 മാസത്തിനുള്ളിൽ 5 കോടി രൂപയാണ് ലാഭം നേടിയിരിക്കുന്നത്.

ഇതു വരെയുള്ള കണക്കനുസരിച്ച്‌ സികെസിഎൽ 5 കോടി രൂപ ലാഭം നേടിയെന്ന് എംഡി സുരേഷ് കുമാർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു. ഹരിത കർമ സേന വഴി (Haritha Karma Sena (HKS)) മൊത്തം 7,382 ടൺ മാലിന്യങ്ങൾ ശേഖരിച്ചു . ഉണങ്ങിയതും പുനരുപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-മാലിന്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളമുള്ള സന്നദ്ധപ്രവർത്തകർ, ഈ മാലിന്യം വൃത്തിയാക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്ബനികൾക്ക് വിറ്റു. 2021 ജനുവരി മുതലുള്ള 20 മാസങ്ങളിൽ, മാലിന്യം ശേഖരിക്കുന്നതിനായി സികെസിഎൽ ഹരിത കർമ സേനക്ക് 4.5 കോടി രൂപ നൽകിയെന്നും എംഡി സുരേഷ് കുമാർ പറഞ്ഞു. അന്തിമ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ ലാഭം സംബന്ധിച്ച്‌ കൂടുതൽ വ്യക്ത ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗിക്കാനാവാത്ത 49,672 ടൺ മാലിന്യങ്ങളും കമ്ബനി ശേഖരിച്ചിട്ടുണ്ട്.

2012-13 സാമ്ബത്തിക വർഷത്തിൽ 10 കോടി രൂപയുടെ മൂലധനവുമായി സികെസിഎൽ ഔദ്യോഗികമായി രൂപീകരിച്ചെങ്കിലും കഴിഞ്ഞ വർഷമാണ് കമ്ബനി പ്രവർത്തനം ആരംഭിച്ചത്.സംസ്ഥാന സർക്കാരിന് ക്ലീൻ കേരള കമ്ബനി ലിമിറ്റഡിൽ 26 ശതമാനം ഓഹരിയുണ്ട്, ബാക്കി 74 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്. സംസ്‌ഥാനത്തുടനീളം മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള റീബിൽഡ് കേരള പദ്ധതിയിൽ നിന്ന് കമ്ബനിക്ക് 53.5 കോടി രൂപ ലഭിച്ചു. ഇതു വഴി 1,972 ടൺ ഇ-മാലിന്യം ശേഖരിച്ച്‌ റീസൈക്ലിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകളിലേക്ക് വിറ്റു. 583.05 ടൺ ഗ്ലാസ് മാലിന്യങ്ങളും 42 ടൺ പാഴ് തുണികളും ശേഖരിച്ച്‌ സംസ്കരിച്ച്‌ വിറ്റഴിക്കുകയും ചെയ്തു. കൂടാതെ, സംസ്കരിച്ച്‌ പുനരുപയോഗിക്കാൻ സാധിക്കുന്ന 2,872 ടൺ പ്ലാസ്റ്റിക്, രാജ്യത്തുടനീളമുള്ള 5,142.92 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാനും ഉപയോഗിച്ചു.