ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം

0
89

ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം പ്രാർത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവർത്തനം.

ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി മുന്നോട്ടുവെക്കുന്നത്. ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല’ എന്നു വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. “ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്”- ഗാന്ധി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 വർഷത്തോളം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്നങ്ങൾക്ക് നേതൃത്വം നൽകി.

സത്യവും അഹിംസയും സമരായുധമാക്കി

സത്യാഗ്രഹമെന്ന സമരമാർഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിനായി ആയുധമാക്കിയത് സത്യവും അഹിംസയുമായിരുന്നു. സത്യവും അഹിംസയും ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളാണെന്ന ദർശനം ഗാന്ധിജി മുന്നോട്ടുവെച്ചു. സത്യമാണ് തന്‍റെ ലക്ഷ്യമെന്നും അതിലേക്കുള്ള മാർഗമാണ് അഹിംസയെന്നും ഗാന്ധിജി അനുയായികളെ പഠിപ്പിച്ചു. ഗാന്ധിജിയുടെ ഈ ദർശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ” എന്ന പുസ്തകം.

ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു. തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പുറകിലേക്ക്‌ പോയില്ല