സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഉദ്ഘാടനം മാറ്റി

0
106

സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും.

ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതില്‍ ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഗാന്ധിജയന്തി ദിനമാണ് ഇത്തരം പരിപാടികള്‍ തുടങ്ങാന്‍ ഏറ്റവും നല്ലതെന്നും അതിന് പ്രത്യേക പ്രധാന്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സർക്കാർ തീരുമാനത്തിൽ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളുടെ സ്കൂളുകൾ അടച്ചിടാനും കെ സി ബി സി തീരുമാനിച്ചിരുന്നു.