കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ കെആർ ആനന്ദവല്ലി(90) അന്തരിച്ചു

0
185

Kerala’s first post woman KR Anandavalli (90) passed awayകേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ കെആർ ആനന്ദവല്ലി(90) അന്തരിച്ചു. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണാണ് കെ ആർ ആനന്ദവല്ലി.

1960 -കളിൽ ആലപ്പുഴയുടെ വീഥികളിലൂടെ തപാൽ ഉരുപ്പടികളുമായി സൈക്കിളിൽ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നത്തെ ആളുകളിന്നും ഓർക്കുന്നുണ്ട്. ആലപ്പുഴ എസ് ഡി വി ഹൈസ്കൂളില്‍ നിന്നും മെട്രിക്കുലേഷനും എസ് ഡി കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദവും കരസ്ഥമാക്കി. തപാല് ജോലിയില് താല്പ്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ പോസ്റ്റോഫീസില് താല്ക്കാലിക ജീവനക്കാരിയായി.

തപാല്‍ വിതരണത്തിന്റെ പരീക്ഷ പാസായ ആനന്ദവല്ലി തപാല് ഉരുപ്പടികള്‍ എത്തിക്കുന്ന ജോലികളും തുടങ്ങി. അച്ഛന്‍ വാങ്ങി കൊടുത്ത റാലി സൈക്കിളില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്നത്. പോസ്റ്റ് വുമണായിരുന്നപ്പോള്‍ ലഭിച്ച ആദ്യ ശമ്പളം 97 രൂപ 50 പൈസയായിരുന്നു.

ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച ആനന്ദവല്ലി 1991-ല്‍ മുഹമ്മ പോസ്റ്റോഫിസില് നിന്നാണ് വിരമിച്ചത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന റാലി സൈക്കിൾ അവസാന നാളുകളിലും അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.

ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു. റിട്ട. സംസ്കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണു ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു. സംസ്കാരം നടന്നു.