കാനഡയിൽ വർഗീയ ആക്രമങ്ങൾ: ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

0
98

വിഭാഗീയ അക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യാ-വിരുദ്ധ പ്രവർത്തനങ്ങളും റിപ്പോ‍ർട്ട് ചെയ്തതിനെ തുടർന്ന് കാനഡയിലെ (Canada) ഇന്ത്യൻ പൗരൻമാർക്കും വിദ്യാർഥികൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സ‍ർക്കാർ. കാനഡയിൽ വിഘടനവാദ ഗ്രൂപ്പുകൾ നടത്തിയ ഖാലിസ്ഥാൻ (Khalistan) ഹിതപരിശോധന അപഹാസ്യമായ പ്രവർത്തിയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായ വിഘടനവാദ പ്രവ‍ർത്തനങ്ങൾ കാനഡയിൽ നടക്കുന്നതിൽ ഇന്ത്യ ആ രാജ്യത്തോട് ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സെപ്തംബർ 19ന് ഒന്റാറിയോയിലെ ബ്രാംപ്ടണിൽ സംഘടിപ്പിച്ച ഖാലിസ്ഥാൻ ഹിതപരിശോധനയിൽ 100,000 കനേഡിയൻ സിഖുകാർ വോട്ട് ചെയ്തതായാണ് റിപ്പോർട്ട്. ഹിതപരിശോധനയിൽ വോട്ട് ചെയ്യുന്നതിനായി പുരുഷന്മാരും സ്ത്രീകളും ക്യൂ നിൽക്കുന്നതിൻെറ വീഡിയോകളും വൈറലായിരുന്നു.

രാജ്യത്ത് നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് കേന്ദ്ര സർക്കാർ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈസം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സംഘടനകളുടെ അവകാശത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നാണ് കനേഡിയൻ സർക്കാരിൻെറ നിലപാട്.

ഇന്ത്യ-വിരുദ്ധ ചുവരെഴുത്തുകൾ വരച്ച് ചേർത്ത് കാനഡയിലെ ഒരു പ്രമുഖ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ വിഘടനവാദികൾ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇക്കഴിഞ്ഞ ആഗസ്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വെച്ചിരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വിഷയങ്ങളിൽ ഇന്ത്യൻ മിഷൻ ഇടപെടണമെന്നും ഉചിതമായ നടപടി സ്വീകരിക്കാൻ കനേഡിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

“വിദ്വേഷ കുറ്റകൃത്യങ്ങൾ, വിഭാഗീയ അക്രമങ്ങൾ, ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കാനഡയിൽ വർധിച്ച് വരികയാണ്. വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഹൈക്കമ്മീഷൻ/കോൺസുലേറ്റ് ജനറലും ഈ സംഭവങ്ങൾ കനേഡിയൻ അധികാരികളുമായി ചർച്ച ചെയ്യുകയും വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ ഇത് വരെ കാനഡയിൽ നിയമത്തിൻെറ മുന്നിൽ കൊണ്ട് വരാൻ സാധിച്ചിട്ടില്ല,” ഈ സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും യാത്രയ്ക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വേണ്ടി കാനഡയിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്നും നി‍ർദ്ദേശത്തിൽ പറയുന്നുണ്ട്.

കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസുകളിലോ അതത് ഏജൻസികളുടെ വെബ്‌സൈറ്റുകൾ വഴിയോ രജിസ്റ്റ‍ർ ചെയ്യാവുന്നതാണ്. MADAD പോർട്ടലായ madad.gov.in വഴിയും രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരത്തിൽ രജിസ്റ്റ‍ർ ചെയ്താൽ എന്തെങ്കിലും ആവശ്യമോ അടിയന്തര സാഹചര്യമോ ഉണ്ടായാൽ കാനഡയിലെ ഇന്ത്യൻ പൗരന്മാരുമായി വളരെ പെട്ടെന്ന് തന്നെ ആശയവിനിമയം നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനും ഹൈക്കമ്മീഷനും കോൺസുലേറ്റ് ജനറലിനും സാധിക്കും.