അണയാതെ അനുശോചന പ്രവാഹം

0
133

അന്ത്യാഞ്ജലിയർപ്പിച്ച്‌ സ്റ്റാലിൻ

തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോടിയേരി ബാലകൃഷ്‌ണന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. കീഴടങ്ങാൻ തയ്യാറാകാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയെന്ന്‌ സ്റ്റാലിൻ അനുശോചിച്ചു. അടിയന്തരാവസ്ഥാക്കാലത്ത്‌ മിസ നിയമപ്രകാരം അദ്ദേഹത്തിന്‌ ജയിൽവാസമനുഭവിക്കേണ്ടി വന്നു. കോടിയേരിയുടെ കുടുംബാംഗങ്ങളെയും പാർടി പ്രവർത്തകരെയും അനുശോചനമറിയിച്ചു.

സൗമ്യനും ജനക്ഷേമതൽപ്പരനും: 
ഗവർണർ

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയുംകൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും -ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കരുത്തുറ്റ കമ്യൂണിസ്റ്റ് പോരാളി–- 
ഡി രാജ

കരുത്തുറ്റ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇടതുപക്ഷ ഐക്യത്തിനും ഇടതുപക്ഷ മുന്നേറ്റത്തിനുമായി നിലകൊള്ളുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്തു. പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയായ അദ്ദേഹം ഭരണാധികാരി എന്ന നിലയിലും മികവ് കാട്ടിയെന്ന്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നയതന്ത്രവും കാര്‍ക്കശ്യവും ഒരുപോലെ വഴങ്ങുന്ന നേതാവ്: വി ഡി സതീശൻ

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാർക്കശ്യവും ഒരുപോലെ വഴങ്ങുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളുംകൊണ്ട് രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവർക്ക് കോടിയേരി നൽകിയതെന്നും വി ഡി സതീശൻ പറഞ്ഞു.

ജനകീയനായ കോടിയേരി: ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സ്‌നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരം നേടി. എംഎൽഎ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തിയ കോടിയേരി ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മതനിരപേക്ഷ നിലപാട്‌ സ്വീകരിച്ച 
നേതാവ്‌: കെ സുധാകരൻ

മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ച ജനകീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി. സിപിഐ എമ്മിലെ സൗമ്യമുഖമായിരുന്നു. മികച്ച ഭരണാധികാരിയായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിർചേരിയിൽ പ്രവർത്തിക്കുമ്പോഴും എല്ലാവരുമായും നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരിയെന്നും സുധാകരൻ പറഞ്ഞു.

ഉൾക്കൊള്ളാനാകാത്ത വേർപാട്‌: 
കുഞ്ഞാലിക്കുട്ടി

രാഷ്‌ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴുള്ള കോടിയേരിയുടെ വേർപാട്‌ ഉൾക്കൊള്ളാനാകുന്നില്ലെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. കണ്ണൂരിൽ വിദ്യാർഥിയായിരുന്ന കാലംമുതലുള്ള അടുത്ത ബന്ധമാണ്‌ അദ്ദേഹവുമായുള്ളത്‌.

വളരെ ലളിതമായ വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്‌. മികച്ച ഭരണാധികാരിയായിരുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെ ആർക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. നിയമസഭയിലെ തർക്കങ്ങളിലെല്ലാം അദ്ദേഹം മാർദവത്തോടെയാണ്‌ പ്രതികരിക്കുക. ആരേയും വേദനിപ്പിക്കാതെ സംസാരിക്കും.

2011ൽ അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരിക്കെ നിയമസഭയിൽ എന്റെ പ്രസംഗം വിവാദമായപ്പോൾ പരസ്‌പരം വെല്ലുവിളിയായി. എന്നാൽ പുറത്തിറങ്ങിയപ്പോൾ എന്റെ ചുമലിൽ കൈയിട്ട്‌ അദ്ദേഹം വന്നു. അതായിരുന്നു കോടിയേരി. തലയെടുപ്പും ത്രാണിയുമുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ കടുത്ത നഷ്ടമാണ്‌–- കുഞ്ഞാലിക്കുട്ടി പറഞ്ഞു.


എസ്എൻഡിപി യോഗവും സിപിഐ എമ്മും തമ്മിലെ സൗഹൃദത്തിന്റെ പാലമാണ് കോടിയേരി ബാലകൃഷ്‌ണനെന്ന്‌ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പാർടി സെക്രട്ടറിയായിരുന്നപ്പോഴും ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും എപ്പോഴും അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നു.

മലപോലെ വരുന്നതിനെ എലിപോലെയാക്കി പരിഹരിക്കാനുള്ള മാസ്‌മരശക്തി പ്രത്യേകതയായി. മത–-സാമുദായിക നേതാക്കൾക്കിടയിലും സർവസമ്മതനായി. യോഗത്തിന്റെ ഉറ്റബന്ധുവായ അദ്ദേഹത്തിന്റെ വേർപാടിൽ അഗാധദുഃഖം അറിയിക്കുന്നു.

തികഞ്ഞ മനുഷ്യസ്നേഹി: 
ജി സുകുമാരൻ നായർ

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അനുശോചിച്ചു. കരുത്തനായ ഭരണാധികാരിയും മനുഷ്യസ്നേഹിയും അടിയുറച്ച രാഷ്ട്രീയ സ്നേഹിയും എല്ലാവരോടും സമഭാവനയോടെ മാത്രം പെരുമാറിയിരുന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ വേർപാട് രാഷ്‌ട്രീയ രംഗത്ത് മാത്രമല്ല സമൂഹത്തിന്‌ പൊതുവേയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ എൻഎസ്എസും പങ്കുചേരുന്നതായി ജി സുകുമാരൻ നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സുഹൃത്തും അഭ്യുദയകാംക്ഷിയും: 
മമ്മൂട്ടി

കോടിയേരി ബാലകൃഷ്ണൻ തന്റെ പ്രിയസുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്നുവെന്ന്‌ നടൻ മമ്മൂട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

സംശുദ്ധ രാഷ്ട്രീയത്തിലൂടെ ജനഹൃദയങ്ങളിലേക്ക്‌: മോഹൻലാൽ

സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്‌ നടൻ മോഹൻലാൽ ഫെയ്സ്‌ബുക്കിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി നല്ല സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.

പി സി ചാക്കോ അനുശോചിച്ചു

അന്തരിച്ച സിപിഐ എം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണൻ ഇടതുമുന്നണിയുടെ നെടുംതൂണായിരുന്നുവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ അനുസ്മരിച്ചു. അദ്ദേഹം നിലപാടുകളിൽ കാർക്കശ്യവും പെരുമാറ്റത്തിൽ സൗമ്യതയും പുലർത്തി. കോടിയേരിയുടെ വേർപാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മുന്നണിക്കും അപരിഹാര്യമായ നഷ്ടമാണെന്നും പി സി ചാക്കോ പറഞ്ഞു.

ചിരി മാഞ്ഞു: ജോസ് കെ മാണി

സ്നേഹവാത്സല്യത്തോടെയുള്ള ചിരി മാഞ്ഞതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ഏതു പ്രതിസന്ധിയിലും കൈവിടാത്ത നിറഞ്ഞ ചിരിയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിന്റെ ചിരിക്കുന്ന മുഖം:- 
കെ സുരേന്ദ്രന്‍

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പാർടിക്കും കേരള രാഷ്ട്രീയത്തിനും നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

സൗമ്യനും ജനകീയനുമായ നേതാവ്‌: കെഎസ്‌കെടിയു

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സൗമ്യനും ജനകീയനുമായ നേതാവായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷ രാഷ്ട്രീയത്തിനും കർഷക,- കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്നും കെഎസ്‌കെടിയു അനുശോചനക്കുറിപ്പിൽ അറിയിച്ചു.

രാഷ്ട്രീയരംഗത്തെ നിസ്വാർഥ സേവകൻ: എം എ യൂസഫലി

കേരള രാഷ്ട്രീയരംഗത്തെ നിസ്വാർഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്‌ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനസന്ദേശത്തിൽ പറഞ്ഞു. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീർഘകാലമായുള്ള സഹോദരബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നതായും യൂസഫലി പറഞ്ഞു.

കേരളത്തിന് വലിയ നഷ്ടം: 
ഡിവൈഎഫ്‌ഐ

സാമൂഹ്യ അസമത്വത്തിനും വർഗീയതയ്ക്കും എതിരായി രാജ്യത്തിനാകെ മാതൃകയായ പോരാട്ടം നയിക്കാൻ കേരളത്തിലെ ഇടതുപക്ഷത്തെ കൂടുതൽ ജനകീയമാക്കി സമരസജ്ജമാക്കിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. കോടിയേരിയുടെ നിര്യാണത്തിൽ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.