25 വര്‍ഷം മുന്‍പ് കടന്നു കളഞ്ഞ പ്രതിയെ കുടുക്കിയത് 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഫോണ്‍ കോള്‍

0
89

തമിഴ്നാട് മധുര സെന്‍ട്രല്‍ ജയിലില്‍ നിന്നും 25 വര്‍ഷം മുന്‍പ് കടന്നു കളഞ്ഞ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഫോണ്‍ കോള്‍.

ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവെ 25 വര്‍ഷം മുന്‍പ് പരോളിലിറങ്ങി മുങ്ങിയ വെള്ളച്ചാമി (73)യെയാണ് ഇടുക്കി വണ്ടന്‍മേട് മാലിയില്‍ നിന്നും കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ ടീം പിടികൂടിയത്.

മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്ത് വേല്ലുച്ചാമി എന്ന പേരില്‍ കഴിയുകയായിരുന്നു പ്രതി. വണ്ടന്‍മേട് മാലി ഇഞ്ചപ്പടപ്പില്‍ ഏലക്കാടുകള്‍ക്ക് നടുവിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. രണ്ടരവര്‍ഷം മുന്‍പായിരുന്നു വെള്ളച്ചാമി ഇവിടെയെത്തിയത്. തമിഴ്നാട്ടില്‍ നിന്ന് ജോലിക്കായി ഒട്ടേറെ പേര്‍ വരുന്നതിനാലും ഒരു ഫോട്ടോ പോലും പൊലീസിന്‍റെ കൈവശം ഇല്ലാതിരുന്നതിനാലും ഇവിടെ സുരക്ഷിതമായി കഴിയാമെന്നാണ് ഇയാള്‍ കരുതിയത്.

മക്കളില്‍ ഒരാള്‍ക്ക് ഒരു കേരള നമ്ബറില്‍ നിന്ന് വിളിപോയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. നമ്ബര്‍ മനസിലാക്കിയ തമിഴ്നാട് പൊലീസ് ഇത് കേരള പൊലീസിന് കൈമാറുകയായിരുന്നു. മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ കുറേനാള്‍‌ അന്വേഷിച്ചാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ വേലുച്ചാമി എന്ന പേരില്‍ ഒരാള്‍ ഇവിടെ ജോലി ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലെടുത്തപ്പോള്‍ വെള്ളച്ചാമിയാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

1984 ല്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നും മാതൃ സഹോദര പുത്രിയെ സ്നേഹിച്ച്‌ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണവും ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച്‌ ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വെള്ളച്ചാമി. 1992 ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു വരവേ 1997ല്‍ പരോള്‍ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

വെള്ളച്ചാമിയുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അതിര്‍ത്തി മേഖലയായതിനാല്‍ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പൊലീസ് ഈ വിവരം പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നിര്‍ദ്ദേശാനുസരണം സ്പെഷ്യല്‍ ടീം നടത്തിയ അതിവിദഗ്ധമായ നീക്കത്തിനൊടുവിലാണ് വെള്ളിയാഴ്ച വണ്ടന്‍മേട് മാലി ഇഞ്ചപ്പടപ്പില്‍ ഏലക്കാടുകള്‍ക്ക് നടുവില്‍ നിന്ന് വെള്ളച്ചാമിയെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ തമിഴ്നാട് പൊലീസിനും മധുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കുമായി കൈമാറി.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടോണി ജോണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്.