NIA റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാൻഡിൽ

0
93

ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ റിമാൻഡിൽ. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളെയും കൊച്ചി NIA കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ അതിസുരക്ഷാ ജയിലിലേക്ക്  മാറ്റണമെന്ന് NIA ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യാൻ വിട്ടു കിട്ടുന്നതിന് NIA അപേക്ഷ നൽകി

രാജ്യവ്യാപകമായി നടന്ന ഓപ്പറേഷൻ ഒക്ടോപസിന്റെ ഭാഗമായി അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിന്റെ പതിനാെന്ന് നേതാക്കളെ ഉച്ചയ്ക്കാണ് കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ കാത്തു നിന്ന ബന്ധുക്കളെയുും സുഹൃത്തുക്കളെയും അഭിവാദ്യയം ചെയ്തു കാെണ്ടാണ് പ്രതികൾ കോടതി മുറിയിലേക്ക് കയറി പോയത്.

NIAയുടെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും പ്രതികളെ ഹാജരാക്കിയത്. കാെച്ചിയിലെ പ്രത്യേക NIA കോടതി പ്രതികളെ അടുത്ത മാസം 20വരെ റിമാന്റ് ചെയ്തു. ഇവരെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് NIA ആവശ്യപ്പെട്ടു. അതിസുരക്ഷാ ജയിലിൽ സെല്ലുകൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രത്യേക അപേക്ഷ നൽകിയാൽ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിനായി NIA കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കും.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജുകൾ ഇനിയും ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുക, യുവാക്കളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കുക, സമൂഹത്തിന്റെ ഐകൃത്തിനെതിരായി പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. UAPA വകുപ്പുകൾ പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 11 പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് NIA കോടതിയെ അറിയിച്ചു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. അബ്ദുൾ സത്താറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.