മസാല ബോണ്ട്‌ കേസിൽ കുറ്റമെന്തെന്ന്‌ കോടതിയിൽ വ്യക്തമാക്കാനാകാതെ ഇഡി

0
173

മസാല ബോണ്ട്‌ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കിഫ്‌ബിക്കും മുൻ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനും എതിരെയുള്ള കുറ്റമെന്തെന്ന്‌ കോടതിയിൽ വ്യക്തമാക്കാനാകാതെ ഇഡി. തോമസ്‌ ഐസക്കിന്‌ സമൻസ്‌ നൽകാൻ അവകാശമുണ്ടെന്നും അന്വേഷണം നടത്തേണ്ടത്‌ ആവശ്യമാണെന്നും ആവർത്തിക്കുന്നതല്ലാതെ മറ്റൊന്നും വെള്ളിയാഴ്‌ചയും ഇഡി വ്യക്തമാക്കിയില്ല. സമൻസിൽ കോടതി ഇടപെടരുതെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നുമായിരുന്നു വാദം. എതിർസത്യവാങ്‌മൂലത്തിൽ പറയാത്ത കാര്യങ്ങളും ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു വാദത്തിനിടെ ഉന്നയിച്ചു.

രണ്ടു പ്രളയങ്ങളും കോവിഡും തരണം ചെയ്യാൻ സഹായമായത് കിഫ്ബി മുഖേനയുള്ള ഇടപെടലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കിഫ്ബിക്കെതിരായ ഇഡി അന്വേഷണം സർക്കാരിനുള്ള സഹായം തടസ്സപ്പെടുത്തും. നിയമലംഘനം ഉണ്ടോയെന്ന് പരിശോധിക്കാൻ ഇഡിക്ക്‌ അധികാരമില്ല. നിയമസഭ ഐകകണ്‌ഠ്യേന തള്ളിയ സിഎജി റിപ്പോർട്ടിന്റെ പിൻബലത്തിൽ അന്വേഷണം നടത്താനാകില്ല. മസാല ബോണ്ടിനെതിരെ റിസർവ് ബാങ്കിന് പരാതിയില്ല. ഇഡി റിസർവ് ബാങ്കിനോട് വിശദീകരണം തേടിയതായി വിവരമില്ലെന്നും കിഫ്ബിക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് പറഞ്ഞു.

ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിദേശത്തുള്ള കുടുംബാംഗങ്ങളുടെവരെ സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്‌ ശരിയല്ലെന്നും തോമസ് ഐസക്കിന്റെ അഭിഭാഷകനും അറിയിച്ചു. ഐസക്കിനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ്‌ ദവേ ഹാജരായി. കിഫ്ബിയും തോമസ് ഐസക്കും ഇടക്കാല ഉത്തരവിനായി സമർപ്പിച്ച ഹർജികളാണ് ജസ്‌റ്റിസ്‌ വി ജി അരുൺ പരിഗണിച്ചത്. 10ന്‌ വിധിപറയും.