ലൈംഗിക അധിക്ഷേപ കേസുകൾ തീർപ്പാക്കിയാൽ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോ?

0
83

ലൈംഗിക അധിക്ഷേപ കേസുകളിൽ പ്രതിയും അതിജവീതയും തമ്മിൽ ഒത്തുതീര്‍പ്പിൽ എത്തിയാൽ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോ എന്ന നിയമപ്രശ്നത്തിൽ ഉത്തരം കണ്ടെത്താൻ സുപ്രിം കോടതി. ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി മുൻ കേരള ഹൈക്കോടതി ജഡ്ജി ആർ ബസന്തിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ജെ.ബി പർദ്ദി വാലി എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് തീരുമാനം.

സ്‌കൂളിൽ വെച്ച് പതിനഞ്ചുകാരിയെ അധ്യാപകൻ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയിൽ രാജസ്ഥാൻ ഹൈക്കോടതിയിൽ നടന്നു വന്നിരുന്ന ഒരു കേസിൽ പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഒത്തുതീര്‍പ്പിലെത്തുകയും തുടര്‍ന്ന് കേസ് പിൻവലിക്കാൻ ഇരുകൂട്ടരും ചേര്‍ന്ന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഈ കേസിൻ്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ നിയമപ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ സുപ്രീംകോടതി തീരുമാനിച്ചത്.

ലൈംഗീക അധിക്ഷേപക കേസുകളിൽ പലതിലും പരാതിക്കാരും പ്രതികളും തമ്മിൽ ഒത്തുതീര്‍പ്പിൽ എത്തുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. ലൈംഗീക പീഡന, ലൈംഗീക അധിക്ഷേപ കേസുകൾ ഒരു വ്യക്തിക്കെതിരെ മാത്രമല്ല ഒരു സമൂഹത്തിനെതിരെ തന്നെയുള്ള അതിക്രമമായാണ് ഇന്ത്യൻ ശിക്ഷാ നിയമം കാണുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകൾ എങ്ങനെ ഒത്തുതീര്‍പ്പിൻ്റെ അടിസ്ഥാനത്തിൽ മാത്രം പിൻവലിക്കാനാവും എന്ന നിയമപ്രശ്നത്തിനാണ് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്.