അധ്യാപക നിയമന അഴിമതിക്കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും പ്രതികൂട്ടിൽ

0
83

അധ്യാപക നിയമന അഴിമതിക്കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.16 പേരെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായിയായ അര്‍പിത മുഖര്‍ജിയുടെ വസതികളില്‍ നിന്ന് 50 കോടിയോളം രൂപ കണ്ടെടുത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു .

ഇതേതുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പാര്‍ത്ഥ ചാറ്റര്‍ജിയെ വാണിജ്യ-വ്യവസായവും മന്ത്രിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇഡി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം, സെപ്റ്റംബറില്‍ സിബിഐയും മുന്‍ മന്ത്രിയെ കസ്റ്റഡിയിലെടുത്തിരുന്നു. 2014 മുതല്‍ അഴിമതി നടന്നപ്പോള്‍ പാര്‍ത്ഥ ചാറ്റര്‍ജിയായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞയാഴ്ച, പാര്‍ത്ഥ ചാറ്റര്‍ജി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പ്രത്യേക സിബിഐ കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു. ഒക്ടോബര്‍ അഞ്ച് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്സി) ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ്-സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തില്‍ നടത്തിയ ക്രമക്കേടുകളാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ അന്വേഷിക്കുന്നത്. തട്ടിപ്പിലെ പണമിടപാടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നത്.