രാജ്യത്ത് 67 പോൺ സൈറ്റുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

0
163

രാജ്യത്ത് 67 പോൺ സൈറ്റുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ. ഐടി നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 67 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. 2021ൽ പുറപ്പെടുവിച്ച് പുതിയ ഐടി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.

പൂനെ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 63 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാല് വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുമാണ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രാലയം പറയുന്നതനുസരിച്ച്, 67 വെബ്സൈറ്റുകളിൽ ലഭ്യമായ ചില അശ്ലീല സാമഗ്രികൾ സ്ത്രീകളുടെ മാന്യതയെ കളങ്കപ്പെടുത്തുന്നു. നിയമപ്രകാരം ഭാഗികമായോ പൂർണമായോ ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവിടാൻ അധികാരമുണ്ട്.

കേന്ദ്രം നിർദേശം നൽകിയാൽ അതാത് സൈറ്റുകൾ ബ്ലോക്ക് ചെയ്യേണ്ട ബാധ്യത ഇന്റർനെറ്റ് സേവന ദാതാക്കൾക്കുണ്ട്. കുട്ടികളുടെ അശ്ലീല ഉള്ളടക്കം കാണിച്ചതിന് ഈ ആഴ്ച ആദ്യം ഡൽഹി പോലീസ് ട്വിറ്ററിലെ 23 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരുന്നു.