ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിച്ച നടപടിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി

0
26

വനിതാ അവതാരകയെ അപമാനിച്ചെന്ന സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിച്ച നടപടിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി മാതൃകാപരമാണെന്നും സഹപ്രവർത്തകരോട് കാണിക്കേണ്ട ബഹുമാനത്തിന്റെയും പരി​ഗണനയുടെയുടെയും പ്രസക്തി ബോധ്യപ്പെടുത്താൻ സഹായിക്കുന്നതാണെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെടുന്നു.

എന്നാൽ, ഇതേ സമീപനം കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെട്ട എല്ലാവരോടും ഉണ്ടാകണമെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. ആരൊക്കെ അച്ചടക്കം പാലിക്കണം, ആരൊക്കെ അച്ചടക്കം പാലിക്കണ്ട എന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നതെന്നും ഡബ്ല്യുസിസി ചോദ്യം ഉന്നയിക്കുന്നു. നിർമ്മാതാവ് വിജയ് ബാബുവിന്റെയും സംവിധായകൻ ലിജു കൃഷ്ണയുടെയും പേരെടുത്ത് പറഞ്ഞാണ് ഡബ്ല്യുസിസി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ വിലക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. താരത്തിനെതിരെയുള്ള കേസിൽ ഇടപെടില്ലെന്നും സംഘടന വ്യക്തമാക്കി. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമകൾ ഒന്നും ചെയ്യില്ല. ഇത് ശിക്ഷാ നടപടിയെന്ന നിലയിൽ അദ്ദേഹത്തിൻറെ രീതികൾ മാറ്റാണ്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയായാൽ സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.