മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. മദ്രസകളുടെ സമയം ഒരു മണിക്കൂർ കൂടി നീട്ടിയിട്ടുള്ളതാണ് പുതിയ ടൈം ടേബിൾ. പുതിയ സമയ ക്രമം ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും. ഇനി മുതൽ ആറ് മണിക്കൂറാകും മദ്രസകളുടെ പ്രവർത്തന സമയം. സർക്കാരിന്റെ തീരുമാനത്തെ മദ്രസകൾ സ്വാഗതം ചെയ്‌തെങ്കിലും ചിലർ എതിർപ്പുമായെത്തി.
എയ്ഡഡ് മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്. അതനുസരിച്ച് രാവിലെ 9 മണിക്ക് ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥനയോടെ ക്ലാസുകൾ ആരംഭിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്ലാസുകൾ. 30 മിനിറ്റ് ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം, ഉച്ചയ്ക്ക് 12:30 ന് ക്ലാസുകൾ പുനരാരംഭിച്ച് 3 മണി വരെ നീണ്ടുനിൽക്കും.
വിദ്യാർത്ഥികളുടെ വികസനം മുൻനിർത്തി തയ്യാറാക്കിയ പുതിയ ടൈംടേബിൾ സംസ്ഥാനത്തെ 14,513 അംഗീകൃത മദ്രസകൾക്കും ബാധകമായിരിക്കും. മുസ്ലീം പുരോഹിതന്മാരും മദ്രസ വിദ്യാർത്ഥികളും ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും പുതിയ ടൈംടേബിളിൽ ഉച്ചകഴിഞ്ഞ് നമസ്‌കാരത്തിന് (ഉച്ചയ്ക്ക് 1-2 മണി) സമയം അനുവദിച്ചിട്ടില്ലാത്തതിനാൽ എതിർപ്പ് പ്രകടിപ്പിച്ചു.
ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥന മദ്രസ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതിനായി സമയം അനുവദിക്കണമെന്ന് മദ്രസ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലഖ്നൗവിലെ ശകുൽ ആലം സബരിയ മദ്രസയിലെ വിദ്യാർത്ഥികൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. മദ്രസ വിദ്യാഭ്യാസത്തിന്റെ സുപ്രധാന ഘടകമാണ് നമസ്‌കാരം, അത് അവഗണിക്കാൻ കഴിയില്ലെന്ന് മുസ്ലീം പണ്ഡിതൻ മൗലാന ഇഷ്തിയാഖ് ഖാദ്രി ഇന്ത്യാ ടുഡേയോട് പറഞ്ഞു.