ഇന്ത്യയിൽ പുതിയൊരു ‘ഡിജിറ്റൽ ജീവിതശൈലി’ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘Digital Transformation and Internationalization of Higher Education’ എന്ന വിഷയത്തിൽ നടന്ന ഇന്റർനാഷണൽ കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തിനിടെയാണ് ധർമേന്ദ്ര പ്രധാനിന്റെ പ്രസ്താവന. ഇന്ത്യയുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രക്രിയ ദ്രുത ഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
5Gയുടെ വരവോട് കൂടി രാജ്യം പൂർണമായും വേറൊരു തലത്തിൽ എത്തും. മാത്രമല്ല 5G ഉപയോഗിച്ച് ഡിജിറ്റൽ രംഗത്തെ ലോകനേതൃത്വത്തിലേക്ക് അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പേയ്‌മെന്റുകൾ, വരാനിരിക്കുന്ന ഡിജിറ്റൽ സർവ്വകലാശാല, എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് നെറ്റ്‌വർക്കിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിന്റെ തെളിവുകളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും ദീർഘകാലമായി സൗഹൃദ ബന്ധം പങ്കിടുന്നുണ്ട്. വിദ്യാഭ്യാസത്തിലും മറ്റു സ്കില്ലുകളിലും ഉള്ള രാജ്യങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാകുകയാണ്. വ്യാവസായിക വിപ്ലവം 4.0 നയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തത്തിന് ഈ യാത്രയിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഏതൊരു നാഗരികത വളരുന്നതിലും നിർണായകമായ ഒരു കാര്യമാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നാഗരികത എപ്പോഴും അറിവിലും വിജ്ഞാനത്തിലും അധിഷ്ഠിതമാണ്. രാജ്യം ഏറെ വളർച്ച പ്രാപിച്ചു, ഇന്ന് ഇന്ത്യ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുകയാണ്. ഇന്ന് 15-25 പ്രായത്തിലുള്ള എല്ലാവർക്കും വിദ്യാഭ്യാസവും വൈദഗ്ധ്യവും നൽകുക എന്നതു കൂടിയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം പുതിയ വിജ്ഞാന ശൃംഖലകളും ആഗോളതലത്തിലേക്ക് പോകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സ്ഥാപനങ്ങളും ഇത് പോലെ അന്താരാഷ്ട്ര നിലവാരത്തിൽ വളരും. ഇന്ത്യ എല്ലായ്പ്പോഴും സമൂഹത്തെ അറിവു കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇന്ത്യൻ വിജ്ഞാന ശൃംഖലകൾ മനുഷ്യരാശിയുടെ പ്രയോജനത്തിനായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.