രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു

0
49

രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഈ പദവി വഹിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. 2021 ഡിസംബര്‍ 8 ന് തമിഴ്നാട്ടിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയാണ് അനില്‍ ചൗഹാന്‍.

ആരാണ് അനില്‍ ചൗഹാന്‍?

1961-ല്‍ ജനിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1981-ല്‍ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. മേജര്‍ ജനറലെന്ന നിലയില്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ അതീവ പ്രാധാന്യമുള്ള ബാരാമുള്ള സെക്ടറിലെ ഒരു ഇന്‍ഫന്‍ട്രി ഡിവിഷന്റെ ചുമതല വഹിച്ചു. ലെഫ്റ്റനന്റ് ജനറല്‍ എന്ന നിലയില്‍ നോര്‍ത്ത് ഈസ്റ്റിലായിരുന്നു പ്രവര്‍ത്തിച്ചത്.

2019 സെപ്തംബറില്‍ അനില്‍ ചൗഹാന്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയി. 2021 മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം ആ ചുമതല വഹിച്ചു. പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.