Sunday
21 December 2025
17.8 C
Kerala
HomeWorldപൈപ്പ് ലൈനുകളിൽ ചോർച്ച: ഇത് റഷ്യൻ ഭീകര ആക്രമണമാണെന്ന് ഉക്രൈൻ

പൈപ്പ് ലൈനുകളിൽ ചോർച്ച: ഇത് റഷ്യൻ ഭീകര ആക്രമണമാണെന്ന് ഉക്രൈൻ

റഷ്യയിൽ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളിൽ ചോർച്ച കണ്ടെത്തിയതിന് പിന്നാലെ ചോർച്ച റഷ്യൻ നിർമ്മിതിയാണെന്ന് ആരോപിച്ച് യുക്രൈൻ രംഗത്തെത്തി. ഇത് “ഭീകര ആക്രമണം” ആണെന്നായിരുന്നു യുക്രൈൻ വിശേഷിപ്പിച്ചത്. റഷ്യയിലെ വൈബോർഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളിൽ നിന്ന് ബാൾട്ടിക്ക് കടലിലൂടെ ജർമ്മനിയിലെ ഗ്രിഫ്സ്വാൾഡ് നഗരത്തിലേക്കാണ് പൈപ്പ് ലൈനുകൾ എത്തി ചേരുന്നത്. ഇതിൽ നോർഡ് സ്ട്രീമിൻറെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോർന്നത്. ഇവയുടെ ചോർച്ച് യൂറോപ്യൻ യൂണിയനോടുള്ള ആക്രമണമാണെന്ന് യുക്രൈൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. വരാനിരിക്കുന്ന ശീതകാലത്തിന് മുമ്പ് യൂറോപ്പിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

നിലവിൽ റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് വാതക വിതരണമില്ലെങ്കിലും രണ്ട് പൈപ്പ് ലൈനുകളിലും വതകം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏട്ടാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുക്രൈൻ അധിനിവേശം പുതിയ വഴിത്തിരിവിൽ എത്തി നിൽക്കുമ്പോഴാണ് ബാൾട്ടിക്ക് കടലിൽ റഷ്യൻ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയതെന്നതും ശ്രദ്ധേയം. റഷ്യയ്ക്കെതിരായി യുക്രൈന് പിന്തുണ നൽകുന്ന യൂറോപ്യൻ യൂണിയൻറെ നിലപാടുകളോട് റഷ്യ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എണ്ണ വില റഷ്യൻ കറൻസിയായ റൂബിളിൽ നൽകണമെന്ന പിടിവാശിയും യുക്രൈന് സഹായം നൽകിയാൽ യൂറോപ്പിലേക്കുള്ള എണ്ണ വിതരണം നിർത്തലാക്കുമെന്ന് ഭീഷണിയും പുടിൻ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നോർഡ് സ്ട്രീമിൻറെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളിൽ ചോർച്ച കണ്ടെത്തിയത്. ശീതകാലത്തിന് മുമ്പ് യൂറോപ്പിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്ന പുടിന് യുദ്ധ മുഖത്ത് മറുപടി നൽകാൻ യൂറോപ്യൻ യൂണിയൻ, തങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ നൽകി പിന്തുണ വർദ്ധിപ്പിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. ഇതിനിടെ പൈപ്പ് ലൈൻ ചോർച്ച സ്വാഭാവികമല്ലെന്നുള്ള സംശയം ബലപ്പെട്ടു.

പൈപ്പ് ലൈനിൽ നിന്നുള്ള ചേർച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയിൽ സ്ഫോടനങ്ങൾ നടന്നതായി ഭൂകമ്പ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. “ഇവ സ്ഫോടനങ്ങളാണെന്നതിൽ സംശയമില്ല,” എന്ന് സ്വീഡനിലെ നാഷണൽ സീസ്മോളജി സെൻററിലെ ബ്യോൺ ലണ്ട് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പൈപ്പ് ലൈനിൽ മർദ്ദം കൂടുതലായി നഷ്ടപ്പെടുമെന്ന് നോർഡ് സ്ട്രീം 2 ൻറെ ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ മുൻകരുതലെന്ന നിലയിൽ ബോൺഹോം ദ്വീപിന് സമീപമുള്ള പ്രദേശത്ത് നിന്നും കപ്പലുകളെ ഒഴിവാക്കണമെന്ന് ഡാനിഷ് അധികൃതരുടെ മുന്നറിയിപ്പ് വന്നു.

കടലിനടിയിലെ ലൈനുകൾക്ക് ഒരേസമയം “അഭൂതപൂർവമായ” കേടുപാടുകൾ ഒരൊറ്റ ദിവസം തന്നെ സംഭവിച്ചതായി നോർഡ് സ്ട്രീം 1-ൻറെ ഓപ്പറേറ്റർ പറഞ്ഞു. ഇതിനിടെ ദ്വീപിനടുത്തുള്ള ബാൾട്ടിക് കടലിൻറെ ഉപരിതലത്തിൽ കുമിളകൾ ഉയരുന്ന ചോർച്ചയുടെ ദൃശ്യങ്ങൾ ഡെന്മാർക്കിൻറെ ഡിഫൻസ് കമാൻഡ് പുറത്തുവിട്ടു.

ചേർച്ച കടലിൽ സൃഷ്ടിച്ച ഏറ്റവും വലിയ തരംഗത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ (0.6 മൈൽ) വ്യാസമുണ്ടെന്ന് കാണിക്കുന്നു. എൻഎസ് -1 ( നോർഡ് സ്ട്രീം 1) ൽ നിന്നുള്ള വാതക ചോർച്ച റഷ്യ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണവും യൂറോപ്യൻ യൂണിയന് നേരെയുള്ള ആക്രമണവും അല്ലാതെ മറ്റൊന്നുമല്ലെന്നും യൂറോപ്പിലെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്താനും ശീതകാലത്തിന് മുമ്പ് പരിഭ്രാന്തി സൃഷ്ടിക്കാനും റഷ്യ ആഗ്രഹിക്കുന്നെന്നും യുക്രൈൻ പത്രപ്രവർത്തകനായ പോഡോലിയാക് ട്വീറ്റ് ചെയ്തു.

ഇതിനിടെ ചില യൂറോപ്യൻ യൂണിയൻ നേതാക്കളും പൈപ്പ് ലൈൻ ചോർച്ച ബോധപൂർവ്വമാണെന്ന ആരോപണം ഉയർത്തി മുന്നോട്ട് വന്നു. ഇത് അട്ടിമറിയാണെന്ന് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി കുറ്റപ്പെടുത്തി. സംഭവം യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിഗമനത്തിലെത്തി ചേരുന്നത് വളരെ നേരത്തെയായിപ്പോയെന്ന് പറഞ്ഞ ഡെൻമാർക്കിൻറെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ എന്നാൽ, ഒന്നിലധികം ചോർച്ചകൾ യാദൃശ്ചികമാണെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, കടലിനടിയിലെ വാതക ശൃംഖലയ്‌ക്കെതിരെ ഒരു ആക്രമണം നടന്നു എന്ന വാദത്തെ അധികൃതർ തള്ളിക്കളയുന്നില്ലെന്ന് ജർമ്മൻ മാധ്യമങ്ങളിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വന്നു. സംഭവത്തിൽ താൻ അതീവ ഉത്കണ്ഠാകുലനാണെന്നും ബോധപൂർവമായ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയായി, യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുറയ്ക്കുന്നതിനെ ഒരു സാമ്പത്തിക ആയുധമായി റഷ്യ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. യൂറോപ്യൻ യൂണിയൻറെ വാദം തള്ളിക്കളഞ്ഞ റഷ്യ, യൂറോപ്യൻ യൂണിയൻറെ ഉപരോധം മൂലം ഗ്യാസ് പൈപ്പ് ലൈൻ ശരിയായി പരിപാലിക്കാൻ കഴിഞ്ഞില്ലന്നും കൂട്ടിചേർത്തു. അപകടത്തിൻറെ കാരണം എന്ത് തന്നെയായാലും നിലവിലെ പൊട്ടിത്തെറി യൂറോപ്പിലേക്കുള്ള റഷ്യൻ ഗ്യാസ് വിതരണത്തെ ബാധിക്കില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സെൻറ് പീറ്റേഴ്‌സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമ്മനി വരെ ബാൾട്ടിക് കടലിനടിയിൽ 745 മൈൽ (1,200 കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈൻ ശൃംഖല. നോർഡ് സ്ട്രീം 1 പൈപ്പ്‌ലൈൻ, രണ്ട് സമാന്തര ശാഖകൾ അടങ്ങിയതാണ്. അതിൽ ഒന്ന്, കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റഷ്യ അറ്റകുറ്റപ്പണികൾക്കായി അടച്ചു. പിന്നീട് ഇതുവരെയും ആ പൈപ്പ് ലൈൻ പ്രവർത്തന സജ്ജമാക്കിയിട്ടില്ല.

അതിൻറെ ഇരട്ട പൈപ്പ് ലൈൻ, നോർഡ് സ്ട്രീം 2 ലൂടെയുള്ള വാതക വിതരണം, യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യ നിർത്തിവച്ചിരുന്നു. നിലവിൽ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവർത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്.
ബാൾട്ടിക്ക് കടലിലൂടെ കടന്ന് പോകുന്ന പൈപ്പ് ലൈനായതിനാൽ ജർമ്മൻ, ഡാനിഷ്, സ്വീഡിഷ് അധികൃതരെല്ലാം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇപ്പോഴത്തെ ചോർച്ച ദിവസങ്ങളോളമോ ഒരു പക്ഷേ ഒരാഴ്ചയോ തുടരാൻ സാധ്യതയുണ്ടെന്ന് ഡാനിഷ് ഊർജ്ജ് അതോറിറ്റി, അറിയിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പൈപ്പ് ലൈനിലെ തകരാറ് എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് പൈപ്പ് ലൈൻറെ ഓപ്പറേറ്റർ നോർഡ് സ്ട്രീം എജി പറഞ്ഞു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ യൂറോപ്പിലെങ്ങും ഊർജ്ജ വില കുതിച്ചുയർന്നിരുന്നു. കൂടാതെ അവശ്യവസ്തുവിൻറെ ലഭ്യത കുറവ് കൂടിയതോടെ ചെലവ് ഇനിയും വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ശൈത്യകാലത്ത് യൂറോപ്പിലെ ഓഫീസുകളും വീടുകളും ചൂട് നിലനിർത്താനായി വാതകോർജ്ജത്തെയാണ് ആശ്രയിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഊർജ്ജ ലഭ്യത കുറവിനോടൊപ്പം ആവശ്യകത കൂടുകയും ചെയ്യുമ്പോൾ വില കുതിച്ചുയരുമെന്ന് കരുതുന്നു. യൂറോപ്പിൻറെ റഷ്യൻ ഊർജ്ജ ആശ്രിതത്വത്തിന് തടയിടാനുള്ള ശ്രമങ്ങൾക്ക് പോളണ്ടാണ് നേതൃത്വം നൽകുന്നത്. സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പോളണ്ട് യൂറോപ്പിനുള്ള പ്രകൃതിവാതക വിതരണം ശക്തമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടാണ്. ഇതിൻറെ ഭാഗമായി പുതിയ വാതക പൈപ്പ് ലൈൻ തുറന്നു കഴിഞ്ഞു.

RELATED ARTICLES

Most Popular

Recent Comments