കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

0
26

കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കുന്നതിന് മുന്നേ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കനകപുരിയിലെ വീട്ടിലാണ് ഇന്നലെ വൈകിട്ടും രാത്രിയുമായി സിബിഐ റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ വസ്തു സംബന്ധമായ ചില രേഖകൾ പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്.

ശിവകുമാറിന്റെ വീട്ടിലും കനകപുര, ദൊഡ്ഡലഹള്ളി, സാന്ദെ കോടിഹള്ളി എന്നിവിടങ്ങളിലെ സ്ഥലങ്ങളും സിബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ശിവകുമാറിന്റെ സ്വത്തുക്കളും അവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതായി സംസ്ഥാന കോൺഗ്രസ് മേധാവിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2017ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ പ്രതി ചേർത്തിരുന്നു. ശേഷം 2020 ൽ സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ശിവകുമാറുമായി ബന്ധപ്പെട്ട 14 വസ്‌തുവകകളിൽ റെയ്ഡും നടത്തിയിരുന്നു.

റെയ്ഡിന് ശേഷം 75 കോടി രൂപ ഇയാൾ അനധികൃതമായി കെെക്കലാക്കിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചിരുന്നു. ഇതിനിടയിൽ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡി. കെ ശിവകുമാര്‍ അടുത്തിടെ ഇ.ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.