ആറാം ക്ലാസ് വിദ്യർത്ഥികൾക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. മരത്തടി ഉപയോഗിച്ച് 13 വിദ്യാർത്ഥികളെ അടിച്ചവശരാക്കി. പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയിൽ പൂട്ടിയിട്ട ശേഷം മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ജാർഖണ്ഡിലെ ഗുംലയിലാണ് സംഭവം.
സെന്റ് മൈക്കിൾസ് സ്‌കൂളിലെ വികാസ് സിറിൽ എന്ന അധ്യാപകനാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. ആറാം ക്ലാസ് വിദ്യാർത്ഥികൾ തന്റെ നിർദ്ദേശപ്രകാരം നൃത്തം ചെയ്യാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മറിച്ച് വിദ്യാർത്ഥികളെ മർദിക്കാൻ അധ്യാപകനോട് പ്രിൻസിപ്പൽ ഉത്തരവിടുകയായിരുന്നു.
പ്രകോപിതരായ രക്ഷിതാക്കൾ സ്‌കൂളിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ പോയതെന്നും അധ്യാപകർ മൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ പറഞ്ഞു. സമാനമായ സംഭവങ്ങൾ മുൻപും സ്‌കൂളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധ്യാപികയുടെ മർദ്ദനത്തെ തുടർന്ന് രക്ഷിതാക്കൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
13 വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ലഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ അശുതോഷ് സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി.