ഋഷികേശിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

0
38

ഉത്തരാഖണ്ഡിലെ ഋഷികേശിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. അങ്കിതയുടെത് മുങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. പരിശോധനയിൽ ബലാത്സംഗത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ 19കാരിയുടെ കൈകളിലും വിരലുകളിലും പിന്നിലും പരിക്കിന്റെ പാടുകൾ കണ്ടെത്തിയതായി വിവരമുണ്ട്.

കൊലപാതകക്കേസായി അന്വേഷിക്കുന്ന അങ്കിത ഭണ്ഡാരിയുടെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. അങ്കിത റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന റിസോർട്ടിന്റെ ഉടമ പുൽകിത് ആര്യ ബിജെപി നേതാവിന്റെ മകനാണ്. ഇയാൾ ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവായ വിനോദ് ആര്യയെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു.

കാണാതായി ആറ് ദിവസത്തിന് ശേഷമാണ് അങ്കിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാദ റിസോർട്ടിന് സമീപത്തെ കനാലിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. റിസോർട്ടിലെത്തുന്നവർക്ക് ”പ്രത്യേക സേവനം” നൽകാൻ പുൽകിത് ആര്യയും മറ്റുള്ളവരും അങ്കിതയെ സമ്മർദ്ദത്തിലാക്കിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വാട്‌സ്പ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ അന്ത്യകർമങ്ങൾ നടത്താൻ അങ്കിതയുടെ കുടുംബം വിസമ്മതിച്ചിരുന്നു.