ഇലക്ട്രിക് ഹൈപ്പർബൈക്കുമായി LML തിരിച്ചെത്തുന്നു

0
154

വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ നിന്നു പിൻമാറിയ കമ്പനികളിൽ ഒന്നാണ് എൽഎംഎൽ. കമ്പനിയുടെ സ്റ്റാർ യൂറോ, ഫ്രീഡം ശ്രേണികൾ ഇന്നും ഓർമിക്കുന്നവരുണ്ടാകും. കരുത്തുകൊണ്ടും, ആകർഷണീയമായ ലുക്കും കൊണ്ടും നിരത്തുകൾ കീഴടക്കിയ മോഡലുകളായിരുന്നു ഇവ. പുതുയുഗത്തിൽ ഇലക്ട്രിക് കരുത്തിൽ തിരിച്ചുവരികയാണ് എൽഎംഎൽ.

നാളെ LML അതിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിക്കുമെന്നാണു സൂചന. നിർമാണഘട്ടങ്ങളിലെല്ലാം പൂർണ സസ്‌പെൻസ് കാത്തുസൂക്ഷിച്ച വാഹനത്തിന്റെ ചില ഫോട്ടോകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഓട്ടോകാർ പങ്കിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തിൽ, കമ്പനിയുടെ പുതിയ മോഡൽ ഒരു ഹൈപ്പർ ബൈക്ക് ആയിരിക്കും. അതായത് സൈക്കിളും, ബൈക്കും കൂടിച്ചേർന്ന ഒരു ഹൈബ്രിഡ് പതിപ്പ്.

ചിത്രങ്ങൾ ഇതോടകം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം ഇന്നത്തെ കാലത്ത് ഇത്തരമൊരു മോഡൽ ആളുകൾ ഉൾക്കൊള്ളുമോയെന്ന ചോദ്യമാണ് ഉയരുന്നത്. തിരിച്ചുവരവിൽ ഇത്രയും ഞെട്ടിക്കേണ്ടിയിരുന്നില്ലെന്നാണു ഒരുപറ്റം ആളുകളുടെ പരിഹാസം. മറ്റു ചിലർ വാഹനത്തിന്റെ പുതിയ ഘടനയെ കുതിച്ചുയരുന്ന ഇന്ധനവിലക്കയറ്റത്തോടാണ് ഉപമിച്ചത്. അവർ ഇലക്ട്രിക് പതിപ്പിൽ പരീക്ഷിച്ച ഈ ആശയം ഇന്ധനവാഹനങ്ങളിൽ ആവശ്യപ്പെടുന്നു.

വിപണിയിലുള്ള മറ്റേതൊരു ഇലക്ട്രിക് ബൈക്കിൽ നിന്നും വ്യത്യസ്തമായാണ് വാഹനം ചിത്രങ്ങളിൽ കാണപ്പെടുന്നത്. അതേസമയം കമ്പനി കാത്തുവച്ച സർപ്രൈസ് ഇതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചിത്രങ്ങൾ അനുസരിച്ച് പരന്ന ബെഞ്ച് സീറ്റ്, കനം കുറഞ്ഞ മുൻവശത്തെ മഡ്ഗാർഡ്, ഫ്‌ലാറ്റ് എൽഇഡി ഹെഡ്ലൈറ്റ്, എലവേറ്റഡ് ഹാൻഡിൽബാർ എന്നിവയെല്ലാം ശ്രദ്ധേയമാണ്. കെടിഎം ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ട്രെല്ലിസ് ഫ്രെയിം ആണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിന് സമാനമായ ഭാഗം ബാറ്ററിയോ, സ്‌റ്റോറേജ് സ്‌പേയ്‌സോ ആയിരിക്കാം.

മറ്റ് ഇലക്ട്രിക് ബൈക്കുകളിൽ നിന്ന് എൽഎംഎൽ മോഡലിനെ വ്യത്യസ്തമാക്കുന്നത് സൈക്കിളുകൾക്കു സമാനമായ പെഡൽ ആണ്. വിപണികളിൽ എത്തുമ്പോൾ ബൈക്കിന് ഏറ്റവും കൂടുതൽ വിമർശനം പ്രതീക്ഷിക്കാവുന്ന ഭാഗവും ഇതാണ്. വാഹനം മോപഡുകളെ അനുസ്മരിപ്പിക്കും. അത്യുഗ്രൻ കരുത്തോ, വേഗതയോ വാഹനം ലക്ഷ്യമിടുന്നില്ലെന്നു വേണം വിശ്വാസിക്കാൻ. അതിനാൽ തന്നെ യുവാക്കളെ കമ്പനി ലക്ഷ്യമിടുന്നില്ലെന്നു കരുതാം.

ഫ്രണ്ട് വീലിലെ ഡിസ്‌ക് ബ്രേക്ക് ചെറുതാണ്. വാഹനം ബെൽറ്റ് ഡ്രൈവാണ്. എന്തായാലും ചാർജ് തീർന്നു യാത്രികർ വഴിയിൽ കിടക്കേണ്ടി വരില്ല. ചവിട്ടിയാണെങ്കിലും വിട്ടിലെത്താം. ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്നവർക്ക് വാഹനം ഇരട്ടിമധുരമാകും. ചിത്രങ്ങളും, ലഭ്യമായ വിവരങ്ങളും അനുസരിച്ച് അതിഗംഭീര വിലകൊണ്ട് വാഹനം ഞെട്ടിക്കില്ലെന്നു കരുതാം. കണ്ടതും, അറിഞ്ഞതും സത്യമാണോയെന്ന് നാളെ അറിയാം.