ഹിജാബ് പ്രതിഷേധം; 75 പേർ കൊല്ലപ്പെട്ടു

0
120

22 കാരിയായ മഹാസ അമിനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് ധാരണത്തിനെതിരെ ഇറാനിലുടനീളം തുടരുന്ന പ്രതിഷേധം 10-ാം ദിനം പിന്നിട്ടു. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 75-ലധികം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് തലസ്ഥാനമായ ടെഹ്റാനില്‍ ജനക്കൂട്ടം പ്രതിഷേധിച്ചു. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളുടെ പ്രതിഷേധം.

തെരുവിലിറങ്ങിയ വനിതകളെ നിഷ്‌കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്. അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം 46-ഓളം ഇറാനിയന്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. സെപ്തംബര്‍ 17 ന് പ്രതിഷേധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 41 പ്രതിഷേധക്കാരും പോലീസും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാരികളുടെ ഔദ്യോഗിക പ്രസ്താവനകളുടെ ഒരു അസോസിയേറ്റഡ് പ്രസ് കണക്ക് പ്രകാരം കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു, 1,200-ലധികം പ്രകടനക്കാരെ അറസ്റ്റ് ചെയ്തു.

ഹിജാബ് ധാരണത്തിനെതിരായ പ്രതിഷേധങ്ങളെ വിദേശ ഗൂഢാലോചനയായിക്കണ്ടാണ് ഇറാന്‍ സര്‍ക്കാര്‍ തള്ളിക്കളയുന്നത്. ടെഹ്റാനിലും മറ്റ് നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല മാര്‍ച്ചുകളും നടന്നു. ‘അമേരിക്കന്‍ കൂലിപ്പടയാളികള്‍ മതത്തിനെതിരെ പോരാടുന്നു’ എന്ന മുദ്രാവാക്യവുമായാണ് ഭരണകൂടത്തിനനുകൂലമായി ചിലര്‍ പ്രകടനം നടത്തിയത്.

ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, വാട്ട്സ്ആപ്പ് എന്നിവ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് മഹ്സ അമിനിയെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. മുഖം ശരിയായി മറച്ചില്ലെന്ന പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.