ലഹരിക്കെതിരായ പ്രചരണത്തിൽ യുവജനങ്ങൾ അണിനിരക്കണം: മന്ത്രി എം ബി രാജേഷ്

0
122

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ യുവജന വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ യുവജന വിദ്യാർഥി സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് നിലകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സർക്കാർ നോക്കിക്കാണുകയാണ്. നിയമപരമായ നടപടികളിലൂടെയും എൻഫോഴ്‌സ്‌മെന്റ് പ്രക്രിയയിലൂടെയും ലഹരിവിരുദ്ധ പ്രവൃത്തികൾ നടപ്പാക്കും. അതോടൊപ്പം നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്യും. മയക്കുമരുന്ന് വിപത്തിനെതിരെ സർക്കാർ ആരംഭിക്കുന്ന സംസ്ഥാന വ്യാപക പ്രചരണ പരിപാടി ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഉദ്ഘാടനച്ചടങ്ങ് വിദ്യാർഥികൾക്ക് വീക്ഷിക്കുന്നതിനുള്ള അവസരമൊരുക്കും. മയക്ക് മരുന്നിനെതിരായി ജനകീയ നിരീക്ഷണമാണ് സർക്കാർ സജ്ജമാക്കുന്നത്. വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം, ജില്ല, സംസ്ഥാന തലങ്ങളിൽ ഇതിനായി കമ്മിറ്റികൾ രൂപീകരിക്കുകയാണ്.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ, യുവജന, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ കമ്മിറ്റികളിൽ പങ്കാളികളാകും. ഒക്ടോബർ 3 ന് മയക്ക് മരുന്ന് എന്ന വിപത്തിനെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ ക്ലാസ് റൂം ഡിബേറ്റുകൾ സംഘടിപ്പിക്കും. വ്യത്യസ്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ശാസ്ത്രീയ മനശാസ്ത്ര സമീപനങ്ങൾക്ക് പി ടി എ, മദർ പിടി എ എന്നിവ വിളിച്ചു കൂട്ടി ഒക്ടോബർ 7 ന് പ്രത്യേക പരിശീലനം നൽകും. തീരമേഖലയിലും അതിഥി തൊഴിലാളികൾക്കിടയിലും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കും.

മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ജനജാഗ്രത സദസ്സ്, ലഹരി വിരുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടക്കും. ഇതോടൊപ്പം സംസ്ഥാന വ്യാപകമായി സൈക്കിൾ റാലി, കൂട്ടയോട്ടം, ക്വിസ് മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കും. നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശ്യംഖലതീർക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 30, 31 തീയതികളിൽ വിളംബര ജാഥയും നടക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളും പ്രവർത്തകരും പ്രചരണ പരിപാടിയിൽ അണിനിരക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പൊതുമരാമത്ത്, ടൂറിസം, യുവജന ക്ഷേമവകുപ്പ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്ത ജെറോം, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർപേഴ്‌സൺ എസ് സതീഷ് തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.