ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണം: കെഎസ്ആർടിസി

0
200

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

ഹർത്താലിൽ 58 ബസ്സുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഹർത്താൽ അക്രമങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനായി കെഎസ്ആർടിസി അപേക്ഷ നൽകി.ബസ്സുകൾക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആർടിസി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ഇവരിൽനിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുസംബന്ധിച്ച നടപടികൾക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. റിപ്പോർട്ട് ഒക്ടോബർ 17നുമുമ്പ് സമർപ്പിക്കണം.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ‌ പരിഗണിച്ച് സർവീസുകൾ നടത്താൻ തീരുമാനിച്ച കെഎസ്ആർടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകൾ തകർക്കപ്പെട്ടു. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്.