ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു; മാന്ദ്യസൂചനകളെ തള്ളി കേന്ദ്ര സർക്കാർ

0
91

ലോകമെമ്പാടും മാന്ദ്യത്തിൻ്റെ ഭീഷണി ഉയർന്നുവരികയാണ്. അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും അതിൻ്റെ സൂചനകൾ നൽകിത്തുടങ്ങി. ഇന്ത്യാ മഹാരാജ്യവും അതിൽ നിന്നും മാറിനിൽക്കുന്നില്ലെന്നുള്ള സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മാന്ദ്യം ബാധിക്കില്ലെന്ന് സർക്കാർ തുടർച്ചയായി അവകാശപ്പെടുമ്പോഴും പുറത്തുവരുന്ന കണക്കുകൾ ആശങ്കകൾ സമ്മാനിക്കുന്നുണ്ട്. ഇന്ത്യയും മാന്ദ്യത്തിൻ്റെ പടിവാതിൽക്കൽ എത്തിയോ എന്ന ചോദ്യമാണ് ഈ കണക്കുകൾ ഉയർത്തുന്നത്. പ്രധാനമായും ഈ മൂന്ന് കണക്കുകളാണ് ഇത്തരത്തിലൊരു ആശങ്ക സമ്മാനിക്കുന്നത്.

1- രൂപയുടെ തുടർച്ചയായ ഇടിവ്

തിങ്കളാഴ്ച, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസി രൂപ പുതിയ റെക്കോർഡിലെത്തി നിൽക്കുകയാണ്. 89 പൈസ കുറഞ്ഞ് 80.87 ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച തുടരുകയാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ആരംഭിച്ച ശേഷം ഇന്ത്യൻ കറൻസിയെ വളരെയധികം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 10 ​​ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1.35 രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ച സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന വസ്തുതയാണ്. പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

എന്നാൽ, ഡോളറിന്റെ മുന്നേറ്റത്തിൽ ഇന്ത്യൻ കറൻസി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറൻസികൾ തകരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഡോളറിനെതിരെ, ബ്രിട്ടീഷ് പൗണ്ട് തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ ഡോളറിന് 1.0349 എന്ന താഴ്ന്ന നിലയിലെത്തി. 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പൗണ്ടിൻ്റെ വില കുത്തനെ ഇടിഞ്ഞതോടെ ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന ചർച്ചകൾ ശക്തമായിക്കഴിഞ്ഞു. ദക്ഷിണ കൊറിയയുടെ കറൻസി ഒരു ശതമാനവും ഫിലിപ്പീൻസിൻ്റെ കറൻസിയായ പെസോ 0.73 ശതമാനവും ജാപ്പനീസ് കറൻസിയായ യെൻ (യെൻ) 0.57 ശതമാനവും ഇടിവ് രേഖപ്പെടുതതിയിട്ടുണ്ട്.

2- ഓഹരി വിപണിയിലെ കുലുക്കം.

അമേരിക്കയിൽ ഫെഡറൽ റിസർവിൻ്റെ ഒന്നിനു പുറകെ ഒന്നായി പലിശ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൻ്റെ പ്രതിഫലനം ഓഹരി വിപണികളിൽ ദൃശ്യമായിത്തുടങ്ങി. ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി നാല് ദിവസമായി വിപണിയുടെ ക്ലോസിംഗ് മോശമായ നിലയിലാണ് എന്നുള്ളതിൽ നിന്നും ഇത് മനസ്സിലാക്കാം. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ സെൻസെക്‌സ് 953.70 പോയിൻ്റ് താഴ്ന്ന് 57,145.22 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം വിദേശ നിക്ഷേപകർ വ്യാപാരം വർദ്ധിപ്പിച്ചത് ആഭ്യന്തര വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

ഓഹരി വിപണിയുടെ കഴിഞ്ഞ നാല് ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 30ൻ്റെ ഷെയർ സെൻസെക്‌സ് സൂചിക ഏകദേശം 2500 പോയിൻ്റെ നഷ്‌ടപ്പെട്ടു. സെപ്തംബർ 20 ന് സെൻസെക്സ് 59,719.74 പോയിൻ്റിലും 26 ന് 57,145.22 ലും ക്ലോസ് ചെയ്തിരുന്നു. ഈ ഇടിവ് മൂലം ഓഹരി വിപണിയിലെ നിക്ഷേപകർക്ക് നഷ്ടം നേരിട്ടിരിക്കുകയാണ്. ഈ നാല് ദിവസങ്ങളിൽ ഏകദേശം 13 ലക്ഷം കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം സെപ്റ്റംബർ 26ന് 270 ലക്ഷം കോടി രൂപയായി ഉയർന്നു, നാല് ദിവസം മുമ്പ് സെപ്റ്റംബർ 20 ന് 283 ലക്ഷം കോടി രൂപയായിരുന്നു. സെൻസെക്സിനൊപ്പം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി സൂചികയും 311.05 പോയിൻ്റ് താഴ്ന്ന് 17,016.30 ൽ ക്ലോസ് ചെയ്തു.

3- ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പിരിച്ചുവിടലുകൾ

ലോകത്ത് വർധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത് മുതൽ വൻകിട കമ്പനികളിലെ പിരിച്ചുവിടലുകളും വാർത്തകളിൽ ഇടം നേടുന്നുണ്ട്. കുറച്ചുകാലമായി, പല വൻകിട കമ്പനികളിലും ആയിരക്കണക്കിന് ജോലികക്ാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തിലാണ് ചെലവുചുരുക്കലിൻ്റെ പേരിൽ തൊഴിലാളികളെ പിരിച്ചുവിടുന്നത്. 10,000 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കാൻ ചൈനയുടെ ആലിബാബ തയ്യാറായതും സാമ്പത്തിക മാന്ദ്യത്തിൻ്റെ കടന്നുവരവിനെക്കുറിച്ചുള്ള സൂചനകളാണ് തരുന്നതെന്നാണ് പറയപ്പെടുന്നത്. നേരത്തെ റീട്ടെയിൽ ഭീമനായ വാൾമാർട്ട് 200 പേരെ പിരിച്ചുവിട്ടിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും ഇന്ത്യയും പിന്നിലല്ല. അടുത്തിടെ, ടെക് മേഖലയിലെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ എച്ച്‌സിഎൽ ടെക്‌നോളജീസ് ആഗോളതലത്തിൽ വലിയ പിരിച്ചുവിടലുകളാണ് നടത്തിയത്. ഏകദേശം 350 ജീവനക്കാരെയാണ് കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

മറ്റു പല കമ്പനികളിലും പിരിച്ചുവിടൽ ഭീഷണിയുണ്ട്. ഇതിൽ വലിയൊരു പിരിച്ചുവിടലിനു കൂടി കളമൊരുങ്ങിയിരിക്കുകയാണ്. സ്നാപ് ചാറ്റിൻ്റെ മാതൃ കമ്പനിയായ സ്നാപ് ഐഎൻസിയിൽ നിലവിൽ ഏകദേശം 6,400 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 20 ശതമാനം ജീവനക്കാരെ അതായത് ഏകദേശം 1,280 പേരെ പിരിച്ചുവിടാനാണ് കമ്പനി തയ്യാറായിരിക്കുന്നത്. ഒലയും തങ്ങളുടെ സോഫ്‌റ്റ്‌വെയർ ടീമിലെ ജീവനക്കാർക്ക് പിരിച്ചുവിടൽ സൂചനകൾ നൽകിയെന്നുള്ള റിപ്പമാർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. എഎൻഐ ടെക്‌നോളജിയുടെ വിവിധ സോഫ്‌റ്റ്‌വെയർ കമ്പനികളിൽ നിന്നും 200 ജീവനക്കാരെങ്കിലും പിരിഞ്ഞുപോകേണ്ടി വരുമെന്നുള്ളതാണ് സൂചനകൾ. ഇവരിൽ പലരും ഒല ആപ്പിന്റെ വിവിധ സെഗ്‌മെൻ്റുകളിൽ ജോലി ചെയ്യുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.

മാന്ദ്യസൂചനകളെ തള്ളി കേന്ദ്ര സർക്കാർ

ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി തകരുന്ന സാഹചര്യത്തിലും ഇന്ത്യൻ കറൻസി രൂപ ലോകത്തിലെ മറ്റ് കറൻസികളേക്കാൾ ശക്തമായി നിൽക്കുന്നുവെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കുന്നത്. റിസർവ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അവർ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിക്കിടയിൽ ഇന്ത്യയിൽ മാന്ദ്യത്തിന് സാധ്യതയുണ്ടോ എന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധനമന്ത്രിയോട് ചോദിച്ചപ്പോൾ,`രാജ്യത്ത് മാന്ദ്യത്തിന് സാധ്യതയില്ല’ എന്നായിരുന്നു അവർ മറുപടി പറഞ്ഞത്.