രാഹുൽ ഗന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകാൻ മടിച്ച ഡോക്ടർക്ക് നേരെ കോൺഗ്രസ് നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. ഭാരത് ജോഡോ യാത്രയ്ക്ക് പണം നൽകിയില്ലെന്ന് പറഞ്ഞ് കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എബി പ്രദേശത്തെ ഡോക്ടർ ജോർജ് മാത്യുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസിന്റെ മകനാണ് എബി.
ജോഡോ യാത്രയ്ക്ക് സംഭാവനയായി വൻ തുക ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നാണ് ഡോക്ടർ ജോർജ് മാത്യുവിനെ എബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. “കോൺഗ്രസിന്റെ പരിപാടിക്ക് തനിക്ക് സംഭാവന നൽകാൻ സാധിക്കില്ലേ , എന്നും താൻ എങ്ങനെയാണ് ആശുപത്രി നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാമെന്നും യൂത്ത് കോൺഗ്രസിന്റെ കുട്ടികൾ ആശുപത്രിയിൽ എത്തുമെന്നും ആയിരുന്നു ഭീഷണി. ഇതുകൂടാതെ കേട്ടാൽ അറയ്ക്കുന്ന തെറി പ്രയോഗവും എബി നടത്തി.
ആശുപത്രി ഉടമയായ ഡോക്ടർ ബേബി മാത്യു ആണ് സംഭാവനകൾ നൽകുന്നത് എന്നതുകൊണ്ടാണ് ഡോക്ടർ ജോർജ് മാത്യു സംഭാവന നൽകാൻ മടിച്ചത്. എന്നാൽ കാര്യകാരണങ്ങൾ അന്വേഷിക്കാതെ തന്നെ ഭീഷണി പ്രയോഗത്തിലേക്ക് കടക്കുകയായിരുന്നു എബി.
