കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

0
95

കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. മുഖ്യ പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡിജെ പാർട്ടിയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെയാണ് കൊലപ്പെടുത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഒന്നര മാസത്തിനിടെ ആറ് കൊലപാതകങ്ങളാണ് കൊച്ചിയിൽ ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് സിറ്റി പോലീസ് ഉർജിതമാക്കി.

കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പോലീസിന്‍റെ പിടിയിലായത്. കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. സ്വകാര്യ കമ്പനിയാണ് കലൂരിൽ ഗാനമേളയും ലേസർ ഷോയും സംഘടിപ്പിച്ചത്. ഇതിൽ ലൈറ്റ് ഓപ്പറേറ്ററായി എത്തിയതായിരുന്നു രാജേഷ്.

ഗാനമേള കാണാനെത്തിയ രണ്ട് പേർ ഒരു പെൺക്കുട്ടിയെ ശല്യം ചെയ്യുകയും, ഇവരെ സംഘാടകർ ഗാനമേള കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗാനമേള കാണാൻ സമ്മതിക്കാത്തതിനാൽ ദേഷ്യം വന്ന പ്രതികൾ പരിപാടി കഴിഞ്ഞതിന് ശേഷം സംഘാടകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി രാജേഷിനെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയായിരിക്കുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് കർണാടകയിലേക്ക് കടന്നെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കർണാടക പൊലീസുമായി ചേർന്നാണ് തെരച്ചിൽ.