ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്ന ഗൗതം അദാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

0
157

ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്ന ഗൗതം അദാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്തിടെ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി അദാനി മാറിയിരുന്നു. ബ്ലൂംബെർഗിന്റെ ബില്യണയർ സൂചികയിൽ ആണ് അദാനി മൂന്നാമതെത്തിയത്. ഇന്ത്യൻ ശതകോടീശ്വരനും അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്സനുമാണ് ഗൗതം അദാനി. എന്നാൽ അദാനി പിന്തള്ളപ്പെട്ടതോടെ ആമസോൺ സി ഇ ഒ ജെഫ് ബെസോസ് വീണ്ടും രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡെക്‌സിന്റെ വെബ്‌സൈറ്റിൽ രാവിലെ 11.20 ന് അപ്‌ഡേറ്റ് ചെയ്‌ത ഡാറ്റ പ്രകാരംമാണ് പുതിയ മാറ്റം. നിലവിൽ അദാനിയുടെ ആസ്തി 135 ബില്യൺ ഡോളറാണ് (10.98 ലക്ഷം കോടി രൂപ). ജെഫ് ബെസോസിന്റെ 138 ബില്യൺ അഥവാ 11.23 ലക്ഷം കോടി രൂപ. അതേ സമയം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് 245 ബില്യൺ ഡോളർ (19.93 ലക്ഷം കോടി രൂപ) സമ്പത്തുമായി ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു.

എന്നാൽ മാസങ്ങൾക്കു മുൻപേ വരെ ബ്ലൂംബെർഗിന്റെ പട്ടികയിൽ മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഉണ്ടായിരുന്ന മുകേഷ് അംബാനി പട്ടികയ്ക്ക് പുറത്തായി. കണക്കുകൾ പ്രകാരം 82.4 ബില്യൺ ഡോളർ (6.70 ലക്ഷം കോടി രൂപ) ആസ്തിയുമായി 11-ാം സ്ഥാനത്താണ് അംബാനി.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാം സ്ഥാനത്തിനായി അദാനിയും ബെസോസും ലൂയിസ് വിറ്റൺ ബോസ് ബെർണാഡ് അർനോൾട്ടും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നു. അങ്ങനെ ഇന്നലെ വീണ്ടും അദാനി തന്നെ അതിൽ മുന്നിട്ടു വന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുകേഷ് അംബാനിയെ ഗൗതം അദാനി ആദ്യമായി മറികടന്നത്. ശേഷം ഏപ്രിലിൽ ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തുകയും മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ബിൽ ഗേറ്റ്‌സിനെ മറികടക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് നാലാം സ്ഥാനത്തു പോലും ഗൈതം അദാനി എത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വ്യവസായി ആണ് അദാനി. അഹമ്മദാബാദ് ആസ്ഥാനമാക്കിയാണ് അദാനി ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഇന്ത്യിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്നതും അദാനി ഗ്രൂപ്പ് ആണ്. 2022 മാർച്ചിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം ദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയിൽ 75% ഓഹരികൾ അദ്ദേഹത്തിനുണ്ട്.