ലോകം ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കടക്കുന്നു: നൂറിയൽ റൂബിനി

0
52

ലോകം ഏറ്റവും മോശമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കടക്കാൻ പോവുകയാണെന്ന് 2008ലെ ആഗോള സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ച്‌ കൃത്യമായ പ്രവചനം നടത്തിയ സാമ്ബത്തിക വിദഗ്ദൻ നൂറിയൽ റൂബിനിയുടെ പുതിയ പ്രവചനം.
ഏറെക്കാലം നീണ്ടുനിൽക്കുന്നതും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ സാമ്ബത്തികമാന്ദ്യമാണ് വരാൻ പോകുന്നത്. ഈ വർഷം (2022) അവസാനത്തോടെ തുടങ്ങുന്ന പ്രതിസന്ധി അടുത്ത വർഷവും നീണ്ടുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ആൻറ് പി 500ൽ ചില വലിയ മാറ്റങ്ങളും അദ്ദേഹം പ്രവചിക്കുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ അമേരിക്ക അടക്കമുള്ള ലോകത്തെ പ്രധാന സാമ്ബത്തിക ശക്തികൾ പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡ്-19 മഹാമാരി വരുത്തിവെച്ച ദുരിതമാണ് ഇതിന് പ്രധാനകാരണം. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശം കാരണവും സാമ്ബത്തിക ബുദ്ധിമുട്ടുകൾക്ക് ആക്കം കൂടിയിട്ടുണ്ട്. “പ്ലെയ്ൻ വാനില സാമ്ബത്തിക മാന്ദ്യത്തിൽ പോലും എസ് ആൻറ് പി 500 30 ശതമാനം വരെ തകർച്ചയിലേക്ക് പോകും,” റൂബിനി മാക്രോ അസോസിയേറ്റ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റൂബിനി ബ്ലൂംബെർഗിനോട് പറഞ്ഞു.

2007-2008 കാലഘട്ടത്തിലെ സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ച്‌ കൃത്യമായി പ്രവചിച്ച റൂബിനിയെ സാമ്ബത്തിക ലോകം ഡോ.ഡൂം എന്നാണ് വിളിക്കുന്നത്. “യുഎസിൽ അത്ര ആഴമില്ലാത്ത സാമ്ബത്തികമാന്ദ്യം പ്രതീക്ഷിക്കുന്നവർ കോർപ്പറേഷനുകളുടെയും ഗവൺമെന്റുകളുടെയും വലിയ കടബാധ്യതകൾ ശ്രദ്ധിക്കേണ്ടതുണ്ട്,” റൂബിനി പറഞ്ഞു. യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചിക 40 ശതമാനം വരെ ഇടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു.

“സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതോടെ കടങ്ങളുടെ സേവനച്ചിലവ് വർദ്ധിക്കുമ്ബോൾ സോംബി സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബാങ്കുകൾ, ഷാഡോ ബാങ്കുകൾ, സോംബി രാജ്യങ്ങൾ എന്നിവയെല്ലാം തകർന്ന് ഇല്ലാതാകും. ആ സമയത്ത് ആരെല്ലാം സുരക്ഷിതരായി മുന്നോട്ട് പോവുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും,” റൂബിനി കൂട്ടിച്ചേർത്തു.

പണപ്പെരുപ്പ നിരക്ക് 2 ശതമാനം കൈവരിക്കാനുള്ള യുഎസിൻെറ ശ്രമം സാധ്യമാവുമെന്ന് തോന്നുന്നില്ല. ഫെഡറൽ റിസർവ് വഴി അത് ചെയ്യാൻ സാധിച്ചെന്ന് വരില്ല. നവംബറിലും ഡിസംബറിലും ബിപിഎസ് റേറ്റിൽ 75ഉും ബേസിസ് പോയൻറിൽ 50ഉും ഉയർച്ചയാണ് റൂബിനി പ്രതീക്ഷിക്കുന്നത്. ഫെഡറൽ ഫണ്ട് റേറ്റ് ഈ വർഷം അവസാനം 4 മുതൽ 4.25 ശതമാനം വരെ ആയിരിക്കുമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

പണപ്പെരുപ്പം തുടർന്ന് കൊണ്ടേയിരുന്നാൽ കൂടുതൽ ഉയർത്തുകയെന്നല്ലാതെ മറ്റൊരു വഴിയും ഫെഡറിന് മുന്നിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം മാന്ദ്യത്തിലേക്ക് പോയാൽ അതിനെ മറികടക്കാൻ തക്കതായ സാമ്ബത്തിക പരിഹാരങ്ങളൊന്നും തന്നെ രാജ്യങ്ങൾക്ക് ഉണ്ടാവുമെന്ന് റൂബിനി പ്രതീക്ഷിക്കുന്നില്ല. കടം കൂടിയാൽ രാജ്യങ്ങൾക്ക് പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാനുള്ള പ്രതിവിധികൾ എളുപ്പമാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ഇത് ഹ്രസ്വവും ആഴമില്ലാത്തതുമായ മാന്ദ്യമായിരിക്കില്ല, കഠിനവും ദീർഘവും പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നതുമായിരിക്കും,” റൂബിനി മുന്നറിയിപ്പ് നൽകി. 1970കളിൽ ഉണ്ടായത് പോലുള്ള ഒരു സാമ്ബത്തിക സ്തംഭനാവസ്ഥയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വൻതോതിൽ കടം വരാനുള്ള സാധ്യതയുണ്ടെന്നും റൂബിനി പറഞ്ഞു.