കണ്ണൂരില്‍ ലഹരി വേട്ട; പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല

0
96

കണ്ണൂരില്‍ വന്‍ ലഹരി വേട്ട. രണ്ടു കോടിയുടെ ലഹരി മരുന്നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും എത്തിയ എംഡിഎംഎയാണ് ട്രെയിനിലൂടെ കടത്താന്‍ ശ്രമിച്ചത്. പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്. ഇന്നലെ വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

കൽപ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ എന്‍ഡിപിഎസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഉപയോ​ഗിച്ച മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം എംഡിഎംഎയും, 23 ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തി. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട്ടില്‍ ലഹരി വില്‍പ്പന നടത്തിയ യുവതിയുള്‍പ്പെട്ട സംഘത്തെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവം നടന്നത് പനമരം ചങ്ങാടക്കടവിലാണ്. ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍, പച്ചിലക്കാട് കായക്കല്‍ ഷനുബ്, പച്ചിലക്കാട് കായക്കല്‍ തസ്ലീന എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.

സംഘം സഞ്ചരിച്ച കാറില്‍ നിന്നും ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.