സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

0
59

എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കി സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് തന്നെ ഇത് നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആര്‍ വിഭാഗത്തിന്റെ ‘സ്നേഹഭവനം’ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച് നൽകിയ 25 ഭവനങ്ങൾ വലപ്പാട് ഗ്രാമ പഞ്ചായത്തിന് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കാൻ സമൂഹത്തിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും ഏജൻസികളുടെയും സഹായം ആവശ്യമാണ്. അത് പല മേഖലകളിൽ നിന്ന് ലഭിക്കുന്നു എന്നത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കയറി കിടക്കാൻ വീടുണ്ടാവുക എന്നത് വലിയൊരു സ്വപ്നമാണ്. ഭവനരഹിതരെ കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ 5 വർഷം കൊണ്ട് ഏകദേശം 340000 വീടുകൾ പാവപ്പെട്ടവർക്ക് നൽകാനായി. ശേഷിക്കുന്ന അർഹർക്ക് പാർപ്പിടം നൽകുക എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ വീടുകൾ നിര്‍മിക്കുമെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു.

ചടങ്ങില്‍ അടുക്കളത്തോട്ടത്തിലേക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മന്ത്രി വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഡി ഷിനിതയ്ക്കു കൈമാറി ഉദ്ഘാടനം ചെയ്തു. സി സി മുകുന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പി എം അഹമ്മദ്, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട് തുടങ്ങിയവര്‍ പങ്കെടുത്തു.