മദ്യലഹരിയിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു

0
48

മദ്യലഹരിയിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. സാരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡ് തലക്കാട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)യാണ് മരിച്ചത്. അക്രമം നടത്തിയ മകൻ മനോജിനെ (53) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വ രാത്രി 10 മണിയോടെയാണ് സംഭവം. മദ്യപിച്ചു ലക്കുകെട്ട മനോജ് വീണ്ടും മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് മനോജ് തീകൊളുത്തിയെന്ന് ശ്രീമതി പൊലീസിൽ മൊഴി നൽകി. ബഹളം കേട്ട് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് 3 കിലോമീറ്റർ അകലെ താമസിക്കുന്ന മകൾ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പരുക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തേക്ക് മാറ്റി. ശ്രീമതിയും മനോജും മറ്റൊരു മകൻ സജിയുമാണ് വീട്ടിൽ താമസം. വലിയ ഭൂസ്വത്തുള്ള കുടുംബമാണ് ഇവരുടേത്. വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിൽ സജിയുടെ ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. മനോജും സജിയും ജോലിക്ക് പോകുന്നില്ല.