സവർക്കറെ മറന്നില്ല, ​ഗാന്ധിയെ വെട്ടിയൊട്ടിച്ച് കോൺ​ഗ്രസ്

0
104

രാഹുൽഗാന്ധി നായിക്കുന്ന ഭരത് ജോഡോ യാത്രയെ വരവേൽക്കാൻ സ്ഥാപിച്ച ബാനറുകളിൽ വി ഡി സവർക്കറുടെ ചിത്രം. വിഷയം വിവാദമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രം വെട്ടിയൊട്ടിച്ച് സവർക്കറുടെ ചിത്രം മറച്ചു. നെടുമ്പാശേരി എയർപോർട്‌ ജംഗ്‌ഷനു സമീപം ദേശീയപാതയിൽ കോൺഗ്രസ്‌ ചെങ്ങമനാട്‌ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ്‌ സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം ആർഎസ്‌എസ്‌ സൈദ്ധാന്തികനും ഗാന്ധി വധകേസ്‌ പ്രതിയുമായ വി ഡി സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മഹാത്മാഗാന്ധിയുടെ ചിത്രം വച്ച് സവർക്കറുടെ ചിത്രം മറച്ചത്. ജോഡോയാത്ര എത്തുന്നതിനു തൊട്ടുമുമ്പുമാത്രമാണ്‌ സവർക്കർ ചിത്രം ഗാന്ധി ചിത്രമിട്ടു മൂടിയത്‌.

കോൺഗ്രസ്‌ എംഎൽഎ അൻവർസാദത്തിന്റെ മണ്ഡലമായ ആലുവയിൽ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ്‌ ഈ ബാനർ സ്ഥാപിച്ചത്‌. അൻവർസാദത്തിന്റെ സ്വന്തം ബൂത്തിലാണ്‌ ഈ സംഭവം. ചെങ്ങമനാട്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ്‌ കപ്രശേരിയുടെ നേതൃത്വത്തിലാണ്‌ ബാനർ സ്ഥാപിച്ചത്‌. സംഭവം വിവാദമായതോടെ ഐഎൻടിയുസി പ്രാദേശിക നേതാവ്‌ സുരേഷ്‌ അത്താണിയുടെ നേതൃത്വത്തിലാണ്‌ എവിടെ നിന്നോ ഗാന്ധിജിയുടെ വേറെ വലിപ്പത്തിലുള്ള ചിത്രം കൊണ്ടുവന്ന്‌ സവർക്കറുടെ ചിത്രത്തിനുമുകളിൽ തൂക്കിയത്‌. അപ്പോഴും ഗാന്ധി വധകേസ്‌ പ്രതിയായിരുന്ന സവർക്കറുടെ ചിത്രം ഗാന്ധിചിത്രത്തിനു പിന്നിലുണ്ട്‌. അതു ബാനറിൽ നിന്ന്‌ മാറ്റിയിട്ടില്ല.