പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ. ഒരു ഷട്ടർ തനിയെ തുറന്നു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ്, മൂന്ന് ഷട്ടറുകളിൽ ഒന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ചാലക്കുടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പറമ്പിക്കുളം ഡാമിൽ നിന്നെത്തുന്ന വെള്ളം ആദ്യം പെരിങ്ങൽക്കുത്ത് ഡാമിലും തുടർന്ന് ചാലക്കുടിപ്പുഴയിലും എത്തും. നിശ്ചിത അളവിൽ കൂടുതൽ വെള്ളം എത്തുന്നത് പെരിങ്ങൽക്കുത്ത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാൽ, പെരിങ്ങൽക്കുത്ത് ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഘട്ടം ഘട്ടമായി തുറന്നിരുന്നു. ചാലക്കുടി പുഴയിൽ 600 ക്യുമെക്സ് വെള്ളമാണ് തുറന്നുവിടുന്നത്.
ചാലക്കുടിപ്പുഴയിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന് നിർദേശമുണ്ട്. സാങ്കേതികപ്പിഴവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കാനായില്ലെങ്കിൽ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവൻ ഒഴുകിത്തീരും. തമിഴ്‌നാട് അടക്കമുള്ള പ്രദേശങ്ങളിലേക്ക് പറമ്പിക്കുളം ഡാമിൽ നിന്നാണ് വെള്ളം നൽകുന്നത്. കാലപ്പഴക്കം മൂലം ഷട്ടറിന്റെ നിയന്ത്രണസംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടെന്ന് അധികൃതർ അറിയിച്ചു. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.