ഷട്ടര്‍ തകരാര്‍ തമിഴ്‌നാടിന്റെ ഗുരുതര വീഴ്ച

0
74

പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറിന് തകരാർ സംഭവിച്ചതിന് പിന്നിൽ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. കേരള ഡാം സുരക്ഷ അതോറിട്ടി മുൻ ചെയർമാൻ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരാണ് ആരോപണം ഉന്നയിച്ചത്. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്‌നാട് ഇത് അനുവദിച്ചിരുന്നില്ല.

അണക്കെട്ടിലെ ഏറ്റവും സുപ്രധാനഭാഗമാണ് ഷട്ടറുകൾ. ഷട്ടർ തകർന്നാൽ ഡാമിൽ വെള്ളം നിർത്താൻ സാധിക്കില്ല. ഇനി വെള്ളം ഒഴുകിപ്പോകാതെ ഒന്നും ചെയ്യാനാകില്ല. കേരള ഡാം സേഫ്റ്റി അതോറിട്ടി ഇൻസ്‌പെക്ഷൻ നടത്തിക്കൊണ്ടിരുന്ന ഡാമാണ് പറമ്പിക്കുളം. മുല്ലപ്പെരിയാർ കേസിൽ വിജയിച്ചതോടെ തമിഴ്‌നാട് സർക്കാർ ഈ ഡാമിന്റെ കാര്യം നോക്കാൻ വരേണ്ടെന്നും, സേഫ്റ്റി ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു.

പറമ്പിക്കുളത്ത് ഷട്ടർ തകരാർ വന്നതോടെ പുറത്തേക്കൊഴുകുന്ന വെള്ളം പെരിങ്ങൽക്കുത്തിലേക്കാണ് വരുന്നത്. അതുവഴി ചാലക്കുടി പുഴയിലേക്ക് ജലമെത്തും. ജലനിരപ്പ് ഉയർന്നതിനാൽ പെരിങ്ങൽക്കുത്തിൽ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. എന്നാൽ വലിയ പ്രശ്‌നമുണ്ടാകാൻ ഇടയില്ലെന്നാണ് കരുതുന്നത്. നിലവിൽ വെള്ളപ്പൊക്ക ഭീതിയൊന്നുമില്ല.

കഴിഞ്ഞ ഡിസംബർ വരെ താൻ ഡാം സുരക്ഷ അതോറിട്ടി ചെയർമാനായിരുന്നു. കേരളത്തിലുള്ള ഡാമിന്റെ സുരക്ഷ കേരള പൊലീസിനാണ്. എന്നാൽ തമിഴ്‌നാടുമായി തർക്കമുണ്ടായപ്പോൾ, അവർ നോക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. ഇൻസ്‌പെക്ഷൻ കേരളം തന്നെ തുടരണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഡാം കസ്‌റ്റോഡിയൻ അവരെ കുറ്റപ്പെടുത്തുമോയെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ ചോദിച്ചു. കൃത്യമായ പരിശോധന ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സംഭവമുണ്ടാകുമായിരുന്നില്ല.

കേരളം ഇൻസ്‌പെക്ഷൻ നടത്തിയിരുന്നപ്പോൾ ചെറിയ ചോർച്ച പോലും പരിശോധിച്ച് പരിഹരിച്ചിരുന്നു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ ഡാമുള്ളത്. കൃത്യമായ പരിശോധനയുണ്ടായിരുന്നെങ്കിൽ ഷട്ടർ തന്നെ തകർന്നുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല. കേരളത്തിലെ ഡാമുകൾ സുരക്ഷിതമാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.