സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന് തുടക്കം; ജിദ്ദയിൽ വിസ്മയ കാഴ്ചയൊരുക്കി വ്യോമാഭ്യാസ പ്രകടനം

0
112

സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ജിദ്ദയിൽ വിസ്മയ കാഴ്ചയൊരുക്കി വ്യോമാഭ്യാസ പ്രകടനം. സംഗീത സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു ഇന്നലെ വൈകിട്ട് നാലര മുതൽ ഒരു മണിക്കൂർ നീണ്ട അഭ്യാസ പ്രകടനം.

ജിദ്ദക്കു പുറമെ, അൽഖോബാർ, ദമാം, ജുബൈൽ, അൽഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അൽബാഹ എന്നിവിടങ്ങളിലും കര, നാവിക, സൈനിക പ്രകടനങ്ങൾ നടന്നു. റിയാദിലെ ദർഇയയിൽ വൈകുന്നേരം നാലു മുതൽ അഞ്ചുവരെ സമയങ്ങളിൽ നാവിക സേനയിലെ സൈക്കിൾ റൈഡർമാരുടെ പ്രകടനമുണ്ടാകും. റിയാദ്, ബുറൈദ, അൽകോബാർ, മദീന, അബഹ, അൽബാഹ, നജ്റാൻ, ജിസാൻ, ഹായിൽ, അറാർ, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അൽഹസ, ഉനൈസ, ഹഫർ അൽബാത്തിൻ, ദമാം എന്നിങ്ങനെ 18 സ്ഥലങ്ങളിലാണ് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടത്തി.

ദമാമിൽ കിഴക്കൻ കോർണിഷിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിനും ഖമീസ് മുഷൈത്തിൽ ബോളിവാർഡിലും സറാത്ത് ഉബൈദയിലും തൻമിയയിലും 22, 23 തീയതികളിൽ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. തായിഫിൽ കിംഗ് ഫഹദ് എയർബേയ്‌സ്, അൽഹദ, അൽശഫ, അൽഖംസീൻ സ്ട്രീറ്റ്, അൽറുദഫ് പാർക്ക് എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളിൽ അൽബാഹയിൽ വൈകിട്ട് അഞ്ചിന് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും വൈകിട്ട് അഞ്ചിന് ബൽജുർശി നാഷണൽ പാർക്കിലും അബഹയിൽ വൈകിട്ട് 5.30 ന് അബഹ എയർപോർട്ട് പാർക്ക്, അൽഫൻ സ്ട്രീറ്റ്, അൽആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.