സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയിരിക്കുമ്പോഴും പ്രശംസയും സ്നേഹവും ആര്‍ എസ് എസിനോട്; ​ഗവർണറുടെ ആർഎസ്എസ് ബന്ധം അക്കമിട്ട് നിരത്തി മുഖ്യമന്ത്രി

0
78

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍ എസ് എസിനാണെന്നും സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയിലിരുന്നു കൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിറണായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ്.

1986 മുതല്‍ തന്നെ തനിക്ക് ആര്‍ എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലർത്തിയ
വ്യക്തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം?
ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വക്താക്കളാണ്
ആര്‍എസ്എസ് എന്നതാണ് ആ നിലപാട്. ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ എക്കാലത്തും കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല – മുഖ്യമന്ത്രി പറഞ്ഞു.